കൊച്ചി: ഏക മകൻ മരിച്ചതിനെ തുടർന്ന് മനോവിഷമത്തില്‍ ആയിരുന്ന ദമ്പതികള്‍ ജീവനൊടുക്കി. വൈപ്പിൻ ഞാറയ്ക്കല്‍ പഞ്ചായത്ത് നാലാം വാർഡില്‍ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പില്‍ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ വീടിന്റെ മുൻവശത്തുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയില്‍ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു.
നിയമവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നു എന്നാണ് വിവരം. ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്. അന്നു മുതല്‍ സഹോദരൻ എല്ലാ ദിവസവും സഞ്ജീവിനോട് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ്, ഇന്ന് രാവിലെ ഒൻപത് മണിയോടെ വീട്ടില്‍ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞത്.സഹോദരൻ ഇന്ന് രാവിലെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് അയല്‍വാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
Post a Comment