കാളവണ്ടി സൈഡ് നല്‍കിയില്ലെന്ന തര്‍ക്കം; പാലക്കാട്ട് 24-കാരൻ കുത്തേറ്റ് മരിച്ചു


പാലക്കാട്: കാളവണ്ടി സൈഡ് നല്‍കിയില്ലെന്ന തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയില്‍ നടന്ന സംഭവത്തില്‍ കെരാംപാറ സ്വദേശിയായ 24-കാരൻ ഷെഫീഖാണ് മരിച്ചത്.
കാളവണ്ടിയിലുണ്ടായിരുന്ന നെല്‍സണ്‍, ജെൻസണ്‍ എന്നിവരും സംഘവും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

കാളവണ്ടി ബൈക്കിന് വഴി നല്‍കാത്തതിനെ തുടർന്ന് ഷെഫീഖ് ഹോണ്‍ മുഴക്കുകയും വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് നെല്‍സണും സംഘവും ഷെഫീഖിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഇരുവരും സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി.

എന്നാല്‍ പിന്നീട് കൊഴിഞ്ഞാമ്പാറയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഷെഫീഖിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ആറംഗസംഘം ബൈക്കുകളിലെത്തി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post