ഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷത്തിനു വിരാമമിട്ട് സമാധാനക്കരാറിലേക്ക് അമേരിക്കയും ഇറാനും അടുത്തെങ്കിലും സംഘർഷം സാന്പത്തിക ആഘാതമേല്‍പ്പിച്ച ഇന്ത്യയിലേക്ക് ആശ്വാസമെത്താൻ വൈകും.
സമാധാനക്കരാർ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നീക്കുമെങ്കിലും സംഘർഷം മൂലം കുതിച്ചുയർന്ന ഇന്ധനനിരക്കുകള്‍ സാധാരണ നിലയിലെത്താൻ വൈകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.സംഘർഷം തുടങ്ങിയതിനുശേഷം ഇന്ധനനീക്കം താറുമാറായിരുന്നു. ഇരുരാജ്യങ്ങളുടെയും പരസ്പരമുള്ള ആക്രമണങ്ങള്‍ പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട ചില ഊർജകേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാല്‍ സംഘർഷത്തിനു മുന്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്താൻ സമയമെടുത്തേക്കും. ഗള്‍ഫിലെ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ എത്ര വേഗത്തില്‍ പൂർവസ്ഥിതിയിലെത്തുമെന്നത് ആഗോള ക്രൂഡ് ഓയില്‍ വില കുറയുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനമാണ്.
അതേസമയം, സമാധാന കരാറിന്റെ ഭാഗമായി അമേരിക്ക ഇറാനുമേലുള്ള എണ്ണ ഉപരോധങ്ങള്‍ നീക്കുന്നത് ഇറാനില്‍നിന്ന് വലിയതോതില്‍ എണ്ണ വാങ്ങിയിരുന്ന ഇന്ത്യക്ക് അടുത്ത ദിവസങ്ങളില്‍ നേട്ടമാകും. സംഘർഷത്തിന്റെ ആദ്യദിനങ്ങളില്‍ രാജ്യത്തെ എണ്ണക്കന്പനികള്‍ക്കുണ്ടായ നഷ്ടം നികത്തേണ്ടതിനാല്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വരുംദിവസങ്ങളില്‍ കുറവ് വന്നാലും ഉടൻതന്നെ ഇന്ധനവിലയില്‍ പ്രതിഫലിക്കാൻ സാധ്യതയില്ല. കുത്തനെ ഉയർന്ന വിമാനനിരക്കുകളും കന്പനികള്‍ ഉടൻ കുറയ്ക്കില്ല.
പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും ആശ്വാസം നല്‍കുന്നതാണ്. ക്രൂഡ് ഓയിലിന്റെ വില വരുംദിവസങ്ങളില്‍ കുറയുന്നത് കഴിഞ്ഞ മാസങ്ങളില്‍ ഭീമമായി വർധിച്ച ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കും. എന്നാല്‍ സംഘർഷത്തിനുശേഷം രാജ്യത്തെ സാധാരണക്കാരന് ഇരുട്ടടി നല്‍കിയ പെട്രോള്‍, ഡീസല്‍ വിലവർധനയും എല്‍പിജി വിലവർധനയും കുറയ്ക്കാൻ സർക്കാർ തയാറാകില്ലെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Post a Comment