യൂട്യൂബ് നോക്കി വീട്ടില്‍ 500 ന്റെ കള്ളനോട്ടടിച്ചു, ചന്തയില്‍ കൊണ്ടുപോയി വിതരണം ചെയ്തു ; ഭാര്യയേയും ഭര്‍ത്താവിനെയും തെലുങ്കാന പോലീസ് കയ്യോടെ പൊക്കി...!

യൂട്യൂബ് നോക്കി വ്യാജനോട്ട് അച്ചടിച്ച സംഘത്തെ തെലങ്കാന പോലീസ് പിടികൂടി. 500 ന്റെ വ്യാജ കറന്‍സി നോട്ടുകള്‍ അച്ചടിച്ച ബേജവാഡ രാജീവ് എന്ന രാജു (38), ഭാര്യ ദുര്‍ഗം പാവനി (26) എന്നിവരെയാണ് തെലുങ്കാനപോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് വ്യാജ കറന്‍സി നോട്ടുകള്‍, പ്രിന്റര്‍-സ്‌കാനര്‍, ബോണ്ട് പേപ്പറുകള്‍, 500 രൂപയുടെ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മറ്റ് സാമഗ്രികള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഓണ്‍ലൈന്‍ വീഡിയോകളിലൂടെ സാങ്കേതിക വിദ്യകള്‍ പഠിച്ചെടുത്ത പ്രതികള്‍, തങ്ങളുടെ വീട്ടില്‍ ചെറിയ തോതില്‍ വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം തുടങ്ങുകയായിരുന്നു. വ്യാജ കറന്‍സി അച്ചടിക്കുന്ന രീതി പഠിച്ചെടുത്ത് കള്ളനോട്ട് അടിക്കാനായി ഇവര്‍ ഓണ്‍ലൈന്‍ വഴി ഒരു എച്ച്‌പി പ്രിന്ററും ബോണ്ട് പേപ്പറുകളും മറ്റ് സാമഗ്രികളും വാങ്ങുകയും സ്വന്തം വീട്ടിലിരുന്ന് 500 രൂപയുടെ വ്യാജ നോട്ടുകള്‍ അടിക്കുകയും ചെയ്തതായി നല്‍ഗൊണ്ട ഡിഎസ്പി കെ. ശിവറാം റെഡ്ഡി പറഞ്ഞു.

ഉയര്‍ന്ന നിലവാരമുള്ള ബോണ്ട് പേപ്പറുകളിലാണ് പ്രതികള്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് കത്രികയും സ്റ്റീല്‍ സ്‌കെയിലുകളും ഉപയോഗിച്ച്‌ ഇവ നോട്ടുകളുടെ കൃത്യമായ അളവില്‍ മുറിച്ചെടുക്കുകയും, യഥാര്‍ത്ഥ നോട്ടുകളോട് സാദൃശ്യം തോന്നിക്കുന്ന രീതിയിലാക്കി പൊതുസ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിരക്കേറിയ കടകള്‍, ആഴ്ചച്ചന്തകള്‍, പെട്ടെന്ന് പണമിടപാടുകള്‍ നടക്കുന്നതും വ്യാജ നോട്ടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധ്യതയില്ലാത്തതുമായ മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. പ്രായമായ കടയുടമകളെയാണ് ഇവര്‍ പ്രധാനമായും പറ്റിച്ചിരുന്നത്.
അവുല കിരണ്‍ എന്ന പാല്‍ക്കാരന് 500 രൂപയുടെ വ്യാജനോട്ട് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയിലാണ് ഈ തട്ടിപ്പ് പുറത്തായത്. പ്രതികളെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക പോലീസ് സംഘം ജൂണ്‍ 15-ന് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
റെയ്ഡിനിടയില്‍ 7,500 രൂപ മൂല്യം വരുന്ന 500 രൂപയുടെ 15 വ്യാജ നോട്ടുകള്‍, നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന എച്ച്‌പി പ്രിന്റര്‍ കം സ്‌കാനര്‍, 100 ബോണ്ട് പേപ്പറുകള്‍, മുറിച്ച പേപ്പര്‍ കഷണങ്ങള്‍, കത്രിക, സ്റ്റീല്‍ സ്‌കെയിലുകള്‍, ഒരു സ്പാര്‍ക്കിള്‍ പെന്‍, രജിസ്റ്റര്‍ ചെയ്യാത്ത പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഈ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നും ശൃംഖലയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post