മഴക്കാലത്ത് ഡെങ്കിപ്പനി പടരുന്നു; പ്രതിരോധിക്കാൻ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ഇവയാണ്


കോഴിക്കോട്: മഴ ശക്തമായതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപന സാധ്യത വർധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.ഈഡിസ് കൊതുകുകളിലൂടെ പകരുന്ന ഡെങ്കിപ്പനി കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.
രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്
ശക്തമായ പനിയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. ശരീരതാപനില 102°F മുതല്‍ 104°F വരെ ഉയരാം. കണ്ണുകള്‍ക്ക് പിന്നിലുണ്ടാകുന്ന വേദന, കടുത്ത തലവേദന, സന്ധികളിലും പേശികളിലും അനുഭവപ്പെടുന്ന അതികഠിനമായ വേദന എന്നിവ പ്രകടമായാല്‍ ഉടൻ ചികിത്സ തേടണം.
രോഗബാധയുടെ തീവ്രത കൂടുന്നതനുസരിച്ച്‌ ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. പനി ഭേദമായ ശേഷവും നീണ്ടുനില്‍ക്കുന്ന ക്ഷീണം ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.
പ്രതിരോധം പ്രധാനം
കൊതുകുകളുടെ ഉറവിട നശീകരണമാണ് ഡെങ്കിപ്പനിയെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. അതിനാല്‍ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
ഉപയോഗശൂന്യമായ ടയറുകള്‍, പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക. വാട്ടർ ടാങ്കുകളും ഡ്രമ്മുകളും സുരക്ഷിതമായി മൂടിവെക്കുക. എയർ കൂളറുകള്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.

Post a Comment

Previous Post Next Post