ഇന്ത്യയില്‍ ഓണ്‍ലൈൻ തട്ടിപ്പുകള്‍, പ്രത്യേകിച്ച് വാട്‌സ്‌ആപ്പ് വഴിയുള്ള ഫിഷിംഗ് ആക്രമണങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദേശം നല്‍കി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് ആളുകളെ സാമ്പത്തിക തട്ടിപ്പില്‍ കുടുക്കുന്ന പുതിയ തരം തട്ടിപ്പാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. തട്ടിപ്പുകാർ അയക്കുന്ന സന്ദേശങ്ങളില്‍ സാധാരണയായി ഒരു എപികെ ഫയല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.
അക്കൗണ്ടില്‍ അസാധാരണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവർ സന്ദേശങ്ങള്‍ അയക്കുന്നത്. എന്നാല്‍, റിസർവ് ബാങ്ക് ഒരിക്കലും വാട്‌സ്‌ആപ്പിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുകയോ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്യാറില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഫാക്‌ട്-ചെക്ക് വിഭാഗമായ പിഐബി (PIB) വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിലോ എപികെ ഫയലുകളിലോ ക്ലിക്ക് ചെയ്യുന്നത് അതീവ അപകടകരമാണ്.
ഉപയോക്താക്കളില്‍ ഭയവും അടിയന്തര സാഹചര്യവും സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ഈ ലക്ഷ്യം നേടുന്നത്. ഈ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്താല്‍, അതിലെ മാല്‍വെയറുകള്‍ക്ക് ബാങ്കിംഗ് പാസ്‌വേഡുകള്‍, ഒടിപി, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ ചോർത്താൻ സാധിക്കും. ബാങ്കിംഗ് ഇടപാടുകള്‍ സുരക്ഷിതമാക്കാൻ അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനും സംശയാസ്പദമായ ലിങ്കുകള്‍ ഒഴിവാക്കാനും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും മുന്നറിയിപ്പ് ലഭിച്ചാല്‍ ഒരിക്കലും സന്ദേശങ്ങളില്‍ വിശ്വസിക്കാതെ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. കൂടാതെ, മൊബൈല്‍ ഫോണ്‍ സോഫ്റ്റ്‌വെയറുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും, ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടൻ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്യാനും ശ്രദ്ധിക്കണം. ഇത്തരത്തില്‍ ജാഗ്രത പുലർത്തുന്നതിലൂടെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കുന്നതിലൂടെയും ഇത്തരം ഓണ്‍ലൈൻ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാം.
Post a Comment