മുബൈ: ബാങ്കോക്കില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന അതീവ വീര്യമേറിയ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർത്ഥി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി.2025-ലെ മിസ്സിസ് കേരള സൗന്ദര്യമത്സരത്തിലെ റണ്ണറപ്പും മോഡലുമായ ഹർഷ സണ്ണി (28) ആണ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെയും കസ്റ്റംസ് വകുപ്പിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ജൂണ്‍ പത്തിന് രാത്രി ബാങ്കോക്കില്‍നിന്നുള്ള എയർ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹർഷ. പ്രമുഖ സ്വകാര്യ ബാങ്കില്‍ റിലേഷൻഷിപ്പ് മാനേജരായും ഇവർ ജോലി ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണങ്ങള്‍ക്കിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു.
ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയത്. തുടർന്ന് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയില്‍ ഇത് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. രാജ്യാന്തര വിപണിയില്‍ കിലോഗ്രാമിന് കോടികള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നും പിടിച്ചെടുത്ത ആകെ ലഹരിവസ്തുക്കള്‍ക്ക് 11.82 കോടി രൂപ മൂല്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Post a Comment