ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താല്‍ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയില്‍വേ


ഡല്‍ഹി : ട്രെയിനുകളില്‍ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയില്‍വേ.
ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയില്‍വേ ഇരട്ടിയായി വർധിപ്പിച്ചു. 2026 ജൂണ്‍ 20 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2026ലെ ജനവിശ്വാസ് ആക്‌ട് വ്യവസ്ഥകള്‍ പ്രകാരം, 1989ലെ റെയില്‍വേ ആക്ടിലെ 137, 138 വകുപ്പുകള്‍ക്ക് കീഴിലുള്ള കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതല്‍ 500 രൂപയായി ഉയരും. യാത്രക്കാർ റെയില്‍വേ നിയമങ്ങള്‍ പാലിച്ച്‌ കൃത്യമായ ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യണമെന്ന് അധികൃതർ കർശന നിർദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 19നാണ് റെയില്‍വേ മന്ത്രാലയം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്..

പുതിയ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, പഴയ ടിക്കറ്റുകള്‍ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ ടിക്കറ്റ് നിരക്കിനൊപ്പം 500 രൂപയില്‍ കുറയാത്ത അധിക പിഴയും ഈടാക്കും. ട്രെയിൻ യാത്ര തുടങ്ങിയ സ്റ്റേഷൻ ഏതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കില്‍, സർവീസ് ആരംഭിച്ച സ്റ്റേഷൻ മുതലുള്ള നിരക്ക് ഈടാക്കാനും റെയില്‍വേക്ക് നിയമപരമായ അധികാരമുണ്ട്.
ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുന്ന പിഴയോ യാത്രാക്കൂലിയോ നല്‍കാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരും. റെയില്‍വേ അധികൃതർക്ക് ഇത് സംബന്ധിച്ച്‌ കോടതിയെ സമീപിക്കാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തുക ഈടാക്കുന്നതിനൊപ്പം 6 മാസം വരെ തടവോ, 500 രൂപ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്..
അനധികൃത യാത്രകള്‍ തടഞ്ഞ് ട്രെയിൻ സർവീസുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം സെൻട്രല്‍ റെയില്‍വേ സോണില്‍ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം പേരില്‍ നിന്നായി 40.85 കോടി രൂപയാണ് റെയില്‍വേ പിഴയായി ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കാൻ റെയില്‍വേ തീരുമാനിച്ചത്.

Post a Comment

Previous Post Next Post