ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പോകുന്നവര്‍ക്ക് വമ്പൻ ആശ്വാസം; സുപ്രധാന ഇളവുമായി മോട്ടോര്‍ വാഹന വകുപ്പ്!


സംസ്ഥാനത്തെ മോട്ടോർ വാഹന ലൈസൻസ് പരിശോധനാ രീതികളില്‍ കാലാനുസൃതമായ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ് (MVD).
ഇനി മുതല്‍ ലൈറ്റ് മോട്ടോർ വെഹിക്കിള്‍ (LMV) വിഭാഗത്തിന്റെ ഡ്രൈവിങ് ടെസ്റ്റില്‍ ഏറ്റവും പ്രധാനപ്പെട്ട 'എച്ച്‌' (H) ഘട്ടത്തില്‍ റിവേഴ്സ് ക്യാമറയുടെയും പാർക്കിംഗ് സെൻസറുകളുടെയും സഹായം തേടാൻ പരീക്ഷാർത്ഥികള്‍ക്ക് അനുമതി നല്‍കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ പിൻപറ്റിയാണ് കേരളത്തിലും ഈ സുപ്രധാന മാറ്റം നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചതെന്നാണ് സൂചനകള്‍.
ഇതുവരെയുള്ള നിയമപ്രകാരം ഡ്രൈവിങ് ടെസ്റ്റിനിടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള റിയർവ്യൂ ക്യാമറകളോ ഡിസ്‌പ്ലേകളോ ഉപയോഗിക്കുന്നത് പൂർണ്ണമായി വിലക്കിയിരുന്നു. വശങ്ങളിലെ സൈഡ് മിററുകളും കാറിനുള്ളിലെ റിയർവ്യൂ മിററും മാത്രം നോക്കി കൃത്യമായി വാഹനം പിന്നോട്ട് എടുക്കുന്നവരെ മാത്രമാണ് പരീക്ഷയില്‍ വിജയിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ തലമുറയിലെ ഭൂരിഭാഗം കാറുകളിലും റിവേഴ്സ് ക്യാമറകളും സുരക്ഷാ സെൻസറുകളും കമ്പനി ഫിറ്റഡ് ആയി തന്നെ ലഭ്യമാണ്. വാഹന നിർമ്മാണ മേഖലയിലുണ്ടായ ഈ സാങ്കേതിക മുന്നേറ്റം മുൻനിർത്തി ഡ്രൈവിങ് പരീക്ഷകളും പരിഷ്കരിക്കണമെന്ന ആവശ്യം ദീർഘനാളായി ഉയരുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർത്ഥികള്‍ക്ക് ആശ്വാസകരമായ പുതിയ തീരുമാനം വന്നിരിക്കുന്നത്.

നിബന്ധനകള്‍ കർശനം; ക്യാമറയില്‍ മാത്രം നോക്കിയാല്‍ പരാജയപ്പെടും
റിയർവ്യൂ ക്യാമറകള്‍ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ഇത് സംബന്ധിച്ച്‌ വ്യക്തമായ ചില നിബന്ധനകളും മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്. പരീക്ഷാർത്ഥികള്‍ പൂർണ്ണമായും ക്യാമറ ഡിസ്‌പ്ലേയിലേക്ക് മാത്രം നോക്കി വാഹനം പിന്നോട്ട് എടുക്കാൻ പാടുള്ളതല്ല. പരമ്പരാഗത ശൈലിയിലുള്ള സൈഡ് മിററുകളും ഇൻസൈഡ് മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ട് തന്നെയായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. റിവേഴ്സ് ക്യാമറയെ കേവലം ഒരു അധിക സഹായ ഉപാധിയായി മാത്രമേ പരിഗണിക്കാൻ അനുമതിയുള്ളൂ.
ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി സൈഡ് മിററുകള്‍ ശ്രദ്ധിക്കാതെ, പൂർണ്ണ സമയവും ഡാഷ്‌ബോർഡിലെ ക്യാമറ സ്ക്രീനില്‍ മാത്രം നോക്കിയാണ് വാഹനം ഓടിക്കുന്നതെന്ന് കണ്ടെത്തിയാല്‍ അത് പരീക്ഷയില്‍ അയോഗ്യത കല്‍പ്പിക്കാൻ കാരണമാകും. പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോജനം ലഭ്യമാക്കുന്നതിനൊപ്പം തന്നെ, സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനാണ് ഇത്തരം നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സുരക്ഷിതത്വത്തിന് മുൻഗണന നല്‍കിക്കൊണ്ടുള്ള ഈ മാറ്റം ഡ്രൈവിങ് പരീക്ഷകള്‍ കൂടുതല്‍ എളുപ്പമാക്കാൻ സഹായിക്കും.

Post a Comment

Previous Post Next Post