ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു റദ്ദാക്കപ്പെട്ട നീറ്റ് പുനഃപരീക്ഷ നാളെ


ഡല്‍ഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു റദ്ദാക്കപ്പെട്ട നീറ്റ് പുനഃപരീക്ഷ നാളെ. വിവാദങ്ങള്‍ക്കും വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യങ്ങള്‍ക്കുമിടെ കനത്ത സുരക്ഷയിലാണു പരീക്ഷ നടക്കുന്നത്.
ചോദ്യപേപ്പറുകള്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയതുമുതല്‍ പരീക്ഷാഹാളുകളിലെ ബഹുതല പരിശോധനവരെ നീളുന്നതാണ് പുനഃപരീക്ഷയ്ക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍.
പുനഃപരീക്ഷാനടപടികള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം 36 മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇവർ ദേശീയപരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഡയറക്ടർ ജനറല്‍ നേതൃത്വം നല്‍കുന്ന ഡല്‍ഹിയിലെ കമാൻഡ് സെന്ററിനാണ് റിപ്പോർട്ട് ചെയ്യുക. ഈ 36 ഉദ്യോഗസ്ഥർ അതത് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസർമാരുമായി ചേർന്നാണു പരീക്ഷാനടപടികള്‍ ഏകോപിപ്പിക്കുക.

പരീക്ഷയെഴുതുന്നതിനുമുമ്പ് ആധാർ അധിഷ്ഠിത ബയോമെട്രിക് ഒഥന്റിക്കേഷൻ പൂർത്തിയാക്കേണ്ടതു നിർബന്ധമാണ്. ആള്‍മാറാട്ടം ഇല്ലാതാക്കാൻ ഫേഷ്യല്‍ പരിശോധനയും ലൈവ് ഫോട്ടോഗ്രഫിയുമുണ്ടാകും. പരീക്ഷാർഥികള്‍ പരീക്ഷയെഴുതുന്നതിനുമുമ്പ് മെറ്റല്‍ ഡിറ്റക്ടർ പരിശോധനയ്ക്കും വിധേയരാകണം.
എല്ലാ പരീക്ഷാകേന്ദ്രങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. 90 ദിവസത്തേക്കെങ്കിലും ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനാണ് എൻടിഎ നിർദേശം. പരീക്ഷകള്‍ തത്സമയം സിസിടിവി കാമറകളിലൂടെ അധികൃതർ നിരീക്ഷിക്കുമെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്നു കണ്ടെത്താൻ പരീക്ഷയ്ക്കുശേഷവും എൻടിഎ സിസിടിവി ദൃശ്യങ്ങളുടെ ഫോറൻസിക് വിലയിരുത്തല്‍ നടത്തും.
ഇതിനു പുറമെ പരീക്ഷകള്‍ നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകള്‍, നിരീക്ഷകർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post