കണ്ണൂർ: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയെ തിരയില്‍പെട്ട് കാണാതായി. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ ആളെയാണ് കാണാതായത്.
തിരച്ചില്‍ തുടരുകയാണ്.
ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി കർണാടകയില്‍ നിന്ന് എത്തിയ സംഘത്തിലെ നാല് പേരാണ് പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് ഒരാള്‍ ശക്തമായ തിരയില്‍പ്പെട്ട് കാണാതാകുന്നത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷാപ്രവർത്തകർ സമയോചിതമായി രക്ഷപ്പെടുത്തി.
വിവരം ലഭിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേനയും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നിലവില്‍ തീരസംരക്ഷണ സേനയുടെ അഞ്ചംഗ സംഘമാണ് കടലില്‍ വ്യാപക പരിശോധന നടത്തുന്നത്.
അതേസമയം, ഇന്നുതന്നെ രാവിലെ പയ്യാമ്പലത്ത് മറ്റൊരു അപകടസാഹചര്യവും ഉണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ തിരയില്‍പ്പെട്ടെങ്കിലും ലൈഫ്ഗാർഡുകളുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
കടല്‍ അതീവ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ബീച്ചുകളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൊട്ടിയൂർ തീർഥാടന സീസണ്‍ ആയതിനാല്‍ കർണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
Post a Comment