ആലക്കോട്: കൃഷിയിടത്തിൽ നട്ടുപിടിപ്പിച്ചിരുന്ന തെങ്ങിൻ തൈകൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു. റിട്ട. സബ് പോസ്റ്റ്മാസ്റ്റർ മണക്കടവിന് സമീപം മുക്കടയിലെ കാവുകൽ കെ.ആർ. സുരേഷ്കുമാറിന്റെ കൃഷിയിടത്തിലെ ഒൻപത് തെങ്ങിൻ തൈകളാണ് നശിപ്പിച്ചത്. മുക്കട-ആനക്കുഴി റോഡിന് സമീപമുള്ള ഇദ്ദേഹത്തിന്റെ തറവാടിനോട് ചേർന്നുള്ള 60 സെന്റ് സ്ഥലത്തെ രണ്ട് വർഷം പ്രായമായ തൈകളാണ് കഴിഞ്ഞ ദിവസം വെട്ടിനശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
മിനിഞ്ഞാന്ന് കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സുരേഷ്കുമാർ വിവരം അറിയുന്നത്. രണ്ടാഴ്ച മുൻപ് ഇതേ കൃഷിയിടത്തിലെ മൂന്ന് വർഷം പ്രായമുള്ള അഞ്ച് തെങ്ങിൻ തൈകൾ ആരോ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവശേഷിച്ച തൈകൾ വെട്ടിനശിപ്പിച്ചിരിക്കുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ സുരേഷ്കുമാർ ആലക്കോട് പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് എസ്.ഐ മാരായ ജി. പ്രവീൺ, എൻ.ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
Post a Comment