ആലക്കോട്: ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയിട്ട് രണ്ടുദിവസം പിന്നിട്ടതേയുള്ളൂ. മീൻ വില കുതിക്കാൻ തുടങ്ങി. സാധാരണക്കാർ വാങ്ങുന്ന അയല, മത്തി, നങ്ക് (മാന്ത), പുതിയപ്ല തുടങ്ങിയവയ്ക്ക് കഴിഞ്ഞദിവസത്തേതിൽനിന്ന് വിലയിൽ 100 രൂപവരെ വർധിച്ചു. ഓരോയിടങ്ങളിലും വില്പനക്കാർ നിശ്ചയിക്കുന്ന വിലയാണ്. ആവശ്യക്കാർക്ക് കുറവില്ലാത്തിടത്തോളം അത് തുടരും. ഏകീകൃത വില നിശ്ചയിക്കാനുള്ള സംവിധാനവുമില്ല.
ബുധനാഴ്ച ഒരു കിലോ നങ്ക്, മത്തി, അയല തുടങ്ങിയവയ്ക്ക് 300 രൂപയായിരുന്നു മീൻചന്തകളിലും വഴിയോര വില്പനകേന്ദ്രങ്ങളിലും വില. വ്യാഴാഴ്ച അത് 350 മുതൽ 400 രൂപ വരെയായി. ജൂൺ ഒൻപതിന് അർധരാത്രി മുതലാണ് ട്രോളിങ് നിരോധനം തുടങ്ങിയത്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന 129 യന്ത്രവൽകൃത ബോട്ടുകളാണ് കരയടുപ്പിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുന്ന 1305 ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 257 സാധാരണ വള്ളങ്ങളും ജില്ലയിലുണ്ട്. അനുകൂല കാലാവസ്ഥയിൽ കടലിൽ പോകുന്നതിന് ഇവർക്ക് വിലക്കില്ല. കടൽക്ഷോഭം കാരണം കഴിഞ്ഞ രണ്ട് ദിവസവും ഭൂരിഭാഗം വള്ളങ്ങളും കടലിൽ പോകാത്തതാണ് മീനിന് ക്രമാതീതമായി വില കൂടാനിടയാക്കിയത്.
Post a Comment