ഒരുമാസം വിറ്റഴിക്കുന്നത് 7.82 ലക്ഷം ചപ്പാത്തികള്‍, ബിരിയാണിയുടെ വില കൂട്ടി; സാധനവില കയറ്റത്തെ തുടര്‍ന്ന് ജയില്‍ ഭക്ഷണത്തിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചു


കണ്ണൂർ: കുറഞ്ഞ വിലയും മികച്ച ഗുണമേന്മയും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ 'ഫ്രീഡം ഫുഡ്' വിഭവങ്ങള്‍ക്ക് ചെറിയ തോതില്‍ വില വർദ്ധിപ്പിച്ചു.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്നാണ് ജയില്‍ ഭക്ഷണത്തിന്റെ നിരക്കില്‍ നേരിയ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. പുതുക്കിയ നിരക്കുകള്‍ ഈ മാസം 5 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചിക്കൻ ബിരിയാണിക്ക് 70 രൂപയില്‍നിന്ന്‌ 80 ആയും വെജിറ്റബിള്‍ ബിരിയാണിക്ക് 45-ല്‍നിന്ന് 50 ആയും റൈസിന് 40-ല്‍നിന്ന്‌ 45 രൂപയുമായാണ് വർധന. മറ്റ് ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ല.
ജയില്‍ ഉത്പന്നങ്ങളില്‍ ഏറ്റവും ആവശ്യക്കാരുള്ളത് ചിക്കൻ ബിരിയാണിക്കും ചപ്പാത്തിക്കുമാണ്. സാധനവില വർധിച്ചതിനാല്‍ ഉത്‌പന്നവിലയും കൂട്ടണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പ് ജയില്‍ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നല്‍കിയിരുന്നു. വിലക്കുറവും ഗുണമേന്മയുമുള്ളതിനാല്‍ ജയില്‍ഭക്ഷണത്തിന് വൻ ഡിമാന്റുണ്ട്.
ഒരുമാസംചുട്ടെടുക്കുന്നത് 7.82 ലക്ഷം ചപ്പാത്തി
മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലില്‍നിന്ന്‌ ചുട്ടെടുത്ത് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് പ്രധാന വിഭവങ്ങള്‍.
സെൻട്രല്‍ ജയിലിനുസമീപത്ത് പുതുതായി നിർമിച്ച ജയില്‍ കഫെ, ജയിലിനുമുന്നിലെ രണ്ട് കൗണ്ടറുകള്‍, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാൻഡുകള്‍, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളില്‍ ജയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post