മലപ്പുറം: നൂറുകണക്കിന് വണ്ടികള്‍ ചീറിപ്പായുന്ന റോഡിന് നടുവില്‍ ഒരു പിഞ്ചുകുഞ്ഞ് ചിരിയോടെ ഇരിക്കുന്നു! കാണുന്ന ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഈ കാഴ്ച കണ്ട് പെട്ടെന്ന് നിർത്തിയ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആ കുഞ്ഞിനെ കൈകളില്‍ കോരിയെടുത്ത് വലിയൊരു അപകടം ഒഴിവാക്കി.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത്.
റോഡിന്റെ നടുവില്‍ ഒരു കുഞ്ഞിനെ കണ്ട് പരിഭ്രാന്തരായ 'സഫ മർവ്വ' എന്ന ബസിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. ഒളവട്ടൂർ പുതിയേടത്തുപറമ്പില്‍ നിന്നും ഫറോക്കിലേക്ക് പോവുകയായിരുന്ന ബസ് പൂളക്കത്തടം കിണറുപടി ഭാഗത്ത് എത്തിയപ്പോഴാണ്, റോഡിന് നടുവിലിരിക്കുന്ന കുഞ്ഞിനെ ഡ്രൈവറായ രാമചന്ദ്രൻ കാണുന്നത്. ഡ്രൈവർ പെട്ടെന്ന് തന്നെ ബസ് ബ്രേക്കിട്ട് നിർത്തി. തുടർന്ന്, കണ്ടക്ടർ നവാസ് വേഗത്തില്‍ ഓടിച്ചെന്ന് കുഞ്ഞിനെ കൈകളില്‍ കോരിയെടുത്തു. ബസിനുള്ളിലെ സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു.
Post a Comment