മുബൈ: ലോകം കാത്തിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ കിക്കോഫ് നടക്കാനിരിക്കെ, ഇന്ത്യയിലെ ഡിജിറ്റല്‍ സംപ്രേഷണാവകാശമുള്ള 'സീ5' (ZEE5) സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളില്‍ വരുത്തിയ മാറ്റം ആരാധകർക്ക് വലിയ തിരിച്ചടിയാകുന്നു.കിക്കോഫ് ദിവസം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സീ എന്റർടൈൻമെന്റ് പ്ലാനുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ത്യയില്‍ ലോകകപ്പ് തത്സമയം കാണാൻ സാധിക്കുമോ എന്ന ആരാധകരുടെ ആശങ്കകള്‍ക്കൊടുവിലായിരുന്നു വലിയ തുക മുടക്കി സീ ഗ്രൂപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. എന്നാല്‍ അവസാന നിമിഷത്തെ ഈ മാറ്റം ആരാധകരില്‍ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
സീ5 വരുത്തിയ പ്രധാന മാറ്റങ്ങള്‍:
ലോകകപ്പ് സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ (799 രൂപ): നേരത്തെ 3 മാസത്തെ ഈ പ്ലാനില്‍ (പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ഒരേസമയം കളി കാണാമായിരുന്നെങ്കില്‍, പുതിയ മാറ്റമനുസരിച്ച് ഇനി ഒരു ഡിവൈസില്‍ മാത്രമേ കാണാനാകൂ.പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പാക്കേജ് (1699 രൂപ): ഒരു വർഷത്തെ ഈ പ്ലാനില്‍ (പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കളി കാണാൻ അനുമതിയുണ്ടായിരുന്നത് ഇപ്പോള്‍ 2 ഡിവൈസുകളായി വെട്ടിച്ചുരുക്കി.
ഇതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി അക്കൗണ്ട് പങ്കിട്ട് കളി കാണാമെന്ന് കരുതിയ ആരാധകർ വലിയ തുക അധികമായി മുടക്കേണ്ടി വരും. 2034 വരെയുള്ള 38 ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണ അവകാശമാണ് ഫിഫയുമായുള്ള കരാറിലൂടെ സീ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ നാല് പുതിയ സ്പോർട്സ് ചാനലുകളും സീ നെറ്റ്‌വർക്ക് ആരംഭിച്ചിട്ടുണ്ട്.
Post a Comment