തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി ഡിജിറ്റല്‍ വിവരശേഖരണത്തിന് പുതിയ മാർഗ്ഗരേഖ.
സെല്‍ഫ് എൻയുമറേഷൻ (സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) നടത്തുമ്പോള്‍ ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒരിക്കല്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ മറ്റ് കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
പേരുകളില്‍ മാറ്റം വരുത്താനാകില്ല
സെൻസസ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ നല്‍കുന്ന കുടുംബനാഥന്റെയോ നാഥയുടെയോ പേര് പിന്നീട് യാതൊരു കാരണവശാലും മാറ്റാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
രജിസ്ട്രേഷൻ ഇങ്ങനെ:
പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് https://se.census.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ആദ്യം ലോഗിൻ ചെയ്യാം.
സംസ്ഥാനം, ക്യാപ്‌ച എന്നിവ നല്‍കി ലോഗിൻ ചെയ്ത ശേഷം കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈല്‍ നമ്പർ, ഇ-മെയില്‍ ഐഡി (നിർബന്ധമല്ല) എന്നിവ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
തുടർന്ന് ഒടിപി (OTP) വെരിഫിക്കേഷനിലൂടെ ലൊക്കേഷൻ വിവരങ്ങളും താമസസ്ഥലവും കൃത്യമായി രേഖപ്പെടുത്താം.
വിവരങ്ങള്‍ പൂർണ്ണമായി നല്‍കിയ ശേഷം 'അന്തിമ സമർപ്പണം' ചെയ്യാം. ഇതിനുശേഷം തിരുത്തലുകള്‍ അനുവദിക്കില്ല.
എസ്.ഇ.ഐ.ഡി നമ്പർ ലഭിക്കും
വിവരങ്ങള്‍ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാല്‍ 'H' എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള പ്രത്യേക സെല്‍ഫ് എൻയുമറേഷൻ ഐഡി (SEID) ലഭിക്കും. ഇത് എസ്.എം.എസ്, ഇ-മെയില്‍ വഴി ലഭ്യമാകും. ഭാവിയില്‍ എൻയുമറേറ്റർമാർ വീട് സന്ദർശിക്കുമ്പോള്‍ ഈ ഐഡി കാണിച്ചു നല്‍കേണ്ടതാണ്.
പൂട്ടിയിട്ട വീടുകളുടെ വിവരങ്ങളും ശേഖരിക്കും
സെൻസസ് 2027-ന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജൂലൈ 30 വരെയുള്ള കാലയളവില്‍ എൻയുമറേറ്റർമാർ ഒന്നിലധികം തവണ വീടുകളില്‍ എത്തും. ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ അയല്‍ക്കാരോടോ ജനപ്രതിനിധികളോടോ ചോദിച്ച് വിവരങ്ങള്‍ ശേഖരിച്ച് വെബ് മാപ്പിംഗ് ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തും. വിവരശേഖരണത്തിനായി 61,282 എൻയുമറേറ്റർമാരെയും മേല്‍നോട്ടത്തിനായി 10,181 സൂപ്പർവൈസർമാരെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.
Post a Comment