മദ്യ കുപ്പക്ക് ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാർ

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തില്‍ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കാന്‍ പോകുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവല്‍ക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് കാര്യങ്ങള്‍ക്കായാകും ഈ നയം പ്രവര്‍ത്തിക്കുക. ലഹരിവിരുദ്ധ നയത്തില്‍ പുനരധിവാസം കൂടി ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ സിഎസ്ആര്‍ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓരോ എക്‌സൈസ് മേഖലയിലും കുറഞ്ഞത് ഒരു പുനരധിവാസ കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് എക്‌സൈസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ എന്നിങ്ങനെ മൂന്ന് എക്‌സൈസ് സോണുകളാണ് സംസ്ഥാനത്തുള്ളത്. ലഹരിവിമുക്ത ചികിത്സ പൂര്‍ത്തിയാക്കിയവരെ ഈ പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. അവിടെ അവര്‍ക്ക് ജോലി കണ്ടെത്തുന്നതിനോ സ്വന്തമായി തൊഴില്‍ ചെയ്യുന്നതിനോ ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സമൂഹത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായിക്കും.

Post a Comment

Previous Post Next Post