മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ഇതോടെ മരണം 14 ആയി


തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്.
ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി. പ്രവീണിന്റെ മൃതദേഹം അല്പ സമയത്തിനകം മോർച്ചറിയിലേക്ക് മാറ്റും.
അതേസമയം, വെടിക്കെട്ട് സ്ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിള്‍ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തില്‍ പ്രതികരണവുമായി സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Post a Comment

Previous Post Next Post