ആലക്കോട് : രയരോം പുഴയുടെ ബീംബുംകാടിന് സമീപം ജലനിധി കിണർ-പമ്പ് ഹൗസിനടുത്ത് പുറമ്പോക്കിലെ പുൽമൈതാനം കൈയേറി നശിപ്പിച്ചു. രയരോം പുഴയുടെ ചെകുത്താൻകയത്തിന്റെ കരയിൽ ജലനിധി കുളത്തിന് ഇതുമൂലം ഭീഷണിയുണ്ട്.
പുഴയോരത്ത് നൂറുമീറ്ററിലധികം നീളത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് രൂപംകൊണ്ട വിശാലമായ തുരുത്താണ് നശിപ്പിച്ചത്. ആലക്കോട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ റിങ് കമ്പോസ്റ്റിന്റെ കോൺക്രീറ്റ് റിങ്ങുകൾ നിർമിക്കാനായി കരാറെടുത്തിട്ടുള്ള ഏജൻസിയുടെ ആളുകളാണ് യന്ത്രസഹായത്തോടെ ഭുമി നശിപ്പിച്ചത്.ഏഴ് വർഷങ്ങൾക്ക് മുൻപ് ജലനിധി പദ്ധതി നടപ്പാക്കുമ്പോൾ ഇവിടെ പുഴയോരത്ത് നിരന്നുനിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പടുകൂറ്റൻ അത്തിമരങ്ങളും കാട്ടാലുകളും മറ്റും പദ്ധതി പൂർത്തിയായതോടെ കടപുഴകി പുഴയിലെ കയത്തിലേയ്ക്ക് വീണ് നശിച്ചിരുന്നു. അതോടെ ഏതാണ്ട് 10 മീറ്ററിലധികം ഭാഗം കരയിടിഞ്ഞ് കയമായി മാറിയിരുന്നു. കരാർ വ്യവസ്ഥകളിൽ റിങ് നിർമാണത്തിന് സ്ഥലം വിട്ടുനല്കാമെന്ന് വ്യവസ്ഥയില്ലാതിരിക്കെ പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഈ പ്രദേശത്ത് നാശംവരുത്തിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Post a Comment