കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ : തട്ടിപ്പുനടത്തിയത്‌ 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്ന പേരില്‍

 


കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ പ്രതികള്‍ തട്ടിപ്പ് നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്ന പേരില്‍.

റിക്രൂട്ട്മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. രവിപുരത്തെ ‘ഗോള്‍ഡന്‍ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് ഒന്നാംപ്രതി പത്തനംതിട്ട അജുഭവനില്‍ അജുമോനും രണ്ടാംപ്രതി കണ്ണൂര്‍ സ്വദേശി മജീദും തട്ടിപ്പ് നടത്തിയത്.


പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരം സ്ത്രീകള്‍ക്ക് വിദേശത്തേക്ക് പോകാന്‍ മെഡിക്കല്‍ പരിശോധനയുടെയും ആര്‍ടിപിസിആറിന്റെയും ചെലവ് മാത്രമേ ആകുകയുള്ളൂ എന്നാണ് ഇവര്‍ പറഞ്ഞത്. ഇതിന് രണ്ടിനുമായി 5000 രൂപയാണ് തട്ടിപ്പിനിരയായ തോപ്പുംപടി സ്വദേശിനി മുടക്കിയത്.

യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി അജുമോനെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയടുത്തു. അജുമോനെ സൗത്ത് പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും.

കുവൈറ്റില്‍ ശിശുപരിചരണജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഫെബ്രുവരിയില്‍ കുവൈറ്റില്‍ എത്തിച്ചത്. എന്നാല്‍, അറബിയുടെ വീട്ടുജോലിക്കാണ് നിയോഗിച്ചത്. കൃത്യമായി ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന് യുവതി പരാതിപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചയക്കാന്‍ അജുമോനും മജീദും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം തന്നില്ലെങ്കില്‍ സിറിയയില്‍ ഐഎസ് ഭീകരരുടെ അടുത്തേക്ക് കയറ്റി അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ മജീദ് യുവതിയെ ക്രൂരമായി മര്‍ദിച്ചു. ‘ഒരുമ’ സന്നദ്ധസംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post