അറസ്റ്റ് ചെയ്താല്‍ സമയം കണക്കാക്കേണ്ടത് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍; സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ്


ഡല്‍ഹി: അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന ഭരണഘടനാപരമായ സമയപരിധി കണക്കാക്കേണ്ടത് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, മറിച്ച്‌ വ്യക്തിയെ കസ്റ്റഡിയിലെടുക്കുന്ന (Detention) നിമിഷം മുതലാണെന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിള്‍ 22(2) പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം കൂടുതല്‍ കർശനമാക്കുന്നതാണ് ഈ സുപ്രധാന വിധി.
ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ, ജസ്റ്റിസ് അതുല്‍ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 24 മണിക്കൂർ തികയുന്ന സമയം കണക്കാക്കാൻ അറസ്റ്റും കസ്റ്റഡിയും രണ്ടും രണ്ടായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരാളെ കസ്റ്റഡിയില്‍ വച്ചുകൊണ്ട് ഔദ്യോഗിക അറസ്റ്റ് വൈകിപ്പിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്ന ഏത് വ്യാഖ്യാനവും ഭരണഘടനാപരമായ സംരക്ഷണം ലംഘിക്കലാണെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റും കസ്റ്റഡിയും വെവ്വേറെ സങ്കല്‍പ്പങ്ങളായി കണ്ട ഒറീസ, കേരള, മദ്രാസ് ഹൈക്കോടതികളുടെ ഉത്തരവുകളോട് ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം സമീപനം "വളരെ പ്രശ്നഭരിതവും തികച്ചും അനാവശ്യവുമാണ്" എന്ന് കോടതി വിശേഷിപ്പിച്ചു.

Post a Comment

Previous Post Next Post