തീറ്റവിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് കോഴി കർഷകർ; വൻകിട കമ്പനികൾ തോന്നുംപടി വില കൂട്ടുന്നതായി ആക്ഷേപം


കോഴിക്കോട്: സംസ്ഥാനത്തെ കോഴി കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി കോഴിത്തീറ്റ വില കുതിച്ചുയരുന്നു. മുട്ടക്കോഴികൾക്കുള്ള തീറ്റവില 50 കിലോ ചാക്കിന് 1800 രൂപ വരെയായി വർദ്ധിച്ചു. ഒരു വർഷം മുമ്പ് 1200 രൂപയായിരുന്ന സ്ഥാനത്താണ് ഈ വൻ വർദ്ധനവ്.
ഓരോ മാസവും തീറ്റ കമ്പനികൾ തോന്നുംപടി വില ഉയർത്തുകയാണെന്നാണ് കർഷകരുടെ പ്രധാന ആരോപണം. മുൻകാലങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷമായി വില കുറഞ്ഞിട്ടേയില്ല. ചില്ലറ വിപണിയിൽ എത്തുമ്പോൾ നിരക്ക് വീണ്ടും കൂടുന്നുണ്ട്. ചോളം, ഗോതമ്പ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കമ്പനികൾ നിരക്ക് വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കോഴിത്തീറ്റ എത്തുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് കാര്യക്ഷമമായ വൻകിട തീറ്റ ഉത്പാദന കേന്ദ്രങ്ങൾ ഇല്ലാത്തത് ഇതര സംസ്ഥാന ലോബികൾ ചൂഷണം ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്.
ഇതിനുപുറമെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ വലിയ തോതിൽ മുട്ടയും കോഴിയിറച്ചിയും കേരള വിപണിയിലേക്ക് എത്തുന്നത് പ്രാദേശിക കർഷകർക്ക് ഇരട്ടപ്രഹരമാകുന്നുണ്ട്. ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ ഫാമുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. കോഴിത്തീറ്റ വില നിയന്ത്രിക്കാനും പ്രാദേശിക കോഴിവളർത്തൽ മേഖലയെ സംരക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ശക്തമായ ആവശ്യം.

Post a Comment

Previous Post Next Post