ഇടുക്കി: സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ തണുപ്പ് ക്രമാതീതമായി വര്‍ധിക്കുന്നു. വടക്കുകിഴക്കന്‍ കാറ്റിന്റെ വരവോടെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ഇത്രയധികം കുളിരനുഭവപ്പെടുന്നത്.
ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് ഏറ്റവുംകൂടുതല്‍ അനുഭവപ്പെടുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇടുക്കി കുണ്ടള ഡാമിലാണ്; 7.9 ഡിഗ്രി സെല്‍ഷ്യസ്.
മൂന്നാറില്‍ 9.7 ഡിഗ്രി സെല്‍ഷ്യസും വട്ടവടയില്‍ 10.9 ഡിഗ്രി സെല്‍ഷ്യസുമായാണ് താപനില കുറഞ്ഞത്. കുണ്ടള, മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ മലയോര മേഖലകളില്‍ പുലര്‍ച്ചെ കനത്ത കോടമഞ്ഞും നല്ല തണുപ്പുമുണ്ട്. പച്ചപ്പുരണ്ട തേയിലത്തോട്ടങ്ങളിലും അതിരാവിലെ തണുപ്പിന്റെ കാഠിന്യം പ്രകടമാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ള തണുത്ത വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് ശക്തമായി വീശാന്‍ തുടങ്ങിയതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. കൂടാതെ, തുലാവര്‍ഷം പിന്‍വാങ്ങി ആകാശം തെളിഞ്ഞതും തണുപ്പ് കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. പകല്‍ സമയത്ത് ഭൂമി വലിച്ചെടുക്കുന്ന ചൂട് രാത്രിയാകുമ്പോള്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് തിരികെ പോകുന്നതാണ് രാത്രിയിലെ താപനില പെട്ടെന്ന് കുറയാന്‍ കാരണം.

Post a Comment