ചരിത്രം കുറിച്ച്‌ റബ്ബര്‍ വില! കിലോയ്ക്ക് 300 തൊട്ട് സര്‍വ്വകാല റെക്കോര്‍ഡ്; രാജ്യത്ത് 5.22 ലക്ഷം മെട്രിക് ടണ്ണിന്റെ വൻ ക്ഷാമം


കോട്ടയം: റബ്ബർ വിപണിയില്‍ പുതിയ ചരിത്രം കുറിച്ച്‌ കിലോയ്ക്ക് 300 രൂപയെന്ന നേട്ടം. കോട്ടയത്ത് ആർ.എസ്.എസ്.-4 ഗ്രേഡ് ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 300 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്.

പഴയ ഓർഡറുകള്‍ ബാക്കിയുണ്ടായിരുന്ന വ്യാപാരികളാണ് ഈ വിലയ്ക്ക് റബ്ബർ വാങ്ങിയത്. അതേസമയം, റബ്ബർ ബോർഡിന്റെ ഔദ്യോഗിക വില കിലോയ്ക്ക് 298 രൂപയായിരുന്നു. ഈ വർഷം ജനുവരിയില്‍ 192 രൂപയായിരുന്ന റബ്ബർവില ഒൻപത് മാസത്തിനിടെ 108 രൂപയോളമാണ് വർധിച്ചത്.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഉല്‍പ്പാദനത്തിലെ കുറവും ആവശ്യകതയിലെ വർധനയുമാണ്. റബ്ബർ ബോർഡിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത് നിലവില്‍ 5.22 ലക്ഷം മെട്രിക് ടണ്‍ റബ്ബറിന്റെ കുറവുണ്ട്. ഏകദേശം 1.76 ലക്ഷം ഹെക്ടറില്‍ ഇപ്പോള്‍ ടാപ്പിങ് നടക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇന്ത്യയിലും മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ പ്രമുഖ ഉല്‍പ്പാദക രാജ്യങ്ങളിലും റബ്ബർ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കപ്പല്‍ ചരക്കുനീക്കത്തിലുണ്ടായ പ്രതിസന്ധിയും ഇറക്കുമതിച്ചെലവ് വർധിച്ചതും ആഭ്യന്തര വിപണിക്ക് അനുകൂലമായി. ക്രൂഡ് ഓയില്‍ വില ഉയർന്നതോടെ സിന്തറ്റിക് റബ്ബറിന്റെ വിലയും വർധിച്ചു. ഇതും സ്വാഭാവിക റബ്ബറിന്റെ വില ഉയരാൻ കാരണമായെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന്റെ വില കിലോയ്ക്ക് 268.63 രൂപയായിരുന്നു. ജൂണില്‍ 300 രൂപ കടന്ന അന്താരാഷ്ട്ര വില പിന്നീട് താഴുകയായിരുന്നു.

Post a Comment

Previous Post Next Post