പെരുമ്പാവൂർ: തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കണക്കുകള്‍ക്കപ്പുറം ജീവിതത്തില്‍ വലിയൊരു ഭാഗ്യനേട്ടം സ്വന്തമാക്കി പെരുമ്പാവൂർ വേങ്ങൂർ സ്വദേശിനി.
കാനഡയില്‍ എൻജിനീയറായി ജോലി ചെയ്യുന്ന സ്നേഹ ജോയിക്ക് ലോട്ടറിയിലൂടെ ലഭിച്ചത് അഞ്ച് മില്യണ്‍ ഡോളർ. ഇന്ത്യൻ രൂപയില്‍ 30 കോടിയിലേറെ വിലമതിക്കുന്ന സമ്മാനത്തുകയാണ് സ്നേഹയെ തേടിയെത്തിയത്.
ഒക്ടോബർ 21ന് നടന്ന കാനഡയിലെ ലോട്ടോ സ്പോട് 6/49 ക്ലാസിക് നറുക്കെടുപ്പിലാണ് സ്നേഹ വിജയിയായത്. നവംബർ 20ന് കാനഡ ലോട്ടറി കോർപറേഷൻ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം ഭവനവായ്പ അടച്ചുതീർക്കാനാണ് സ്നേഹയുടെ തീരുമാനം. ലോകം ചുറ്റിക്കാണുന്നതിനൊപ്പം കുടുംബാംഗങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതായി വെസ്റ്റേണ്‍ കാനഡ ലോട്ടറി കോർപറേഷന്റെ വാർത്താക്കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയത്തിലും ഒരിക്കല്‍ ഭാഗ്യം പരീക്ഷിച്ചയാളാണ് സ്നേഹ. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാർഥിയോട് വെറും 13 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ട്രിപ്പിള്‍ മെയിൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷം കാക്കനാട് സെസില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
Post a Comment