തളിപ്പറമ്പ് : ചപ്പാരപ്പടവ് ടൗണില്‍ പ്രവർത്തിക്കുന്ന മസാഫി ബേക്കറി തീപിടിത്തത്തില്‍ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഞണ്ടമ്പലത്തെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയില്‍ തീപിടിത്തമുണ്ടായത്.
ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പള്ളിയിലേക്ക് പോകുകയായിരുന്നവരാണ് ബേക്കറി കെട്ടിടത്തിന് പുറത്തേക്ക് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. കടയുടെ ഷട്ടർ തുറന്ന് പരിശോധിച്ചപ്പോഴേക്കും ബേക്കറി പൂർണമായും കത്തിനശിച്ചിരുന്നു.
നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് ബേക്കറിയോട് ചേർന്നുള്ള ഹോട്ടലിലേക്ക് തീ പടരുന്നത് തടയാനായി. ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചപ്പാരപ്പടവിലെ പി.സി.പി. അലീമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബേക്കറി പ്രവർത്തിച്ചിരുന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി. ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി. ഗിരീഷ്, പി.വി. ലിഗേഷ്, കെ. ധനേഷ്, വിഷ്ണു രവീന്ദ്രൻ, ഹോം ഗാർഡ് പുരുഷോത്തമൻ കെ. എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തത്.

Post a Comment