കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പർ കാർ സ്‌കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തില്‍ പാർട്ട് ടൈം ജോലി ചെയ്‌തിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. മൂന്നുപേർക്കും 21 വയസ് മാത്രമാണ് പ്രായം.
ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങുംവഴിയായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുണ്ടായിരുന്നു. സന്തോഷത്തോടെ മടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍ നിമിഷങ്ങള്‍ക്കകം കണ്‍മുന്നില്‍ മരിച്ചുകിടക്കുന്ന കാഴ്‌ച കണ്ടതിന്റെ ഞെട്ടലിലാണ് മറ്റുള്ളവർ. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കാറിന്റെ അമിതവേഗതയാണ് അപകടകാരണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യയ്‌ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. സുഹൈലിന്റെ ശരീരത്തില്‍ അമിതമായ അളവില്‍ മദ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ഇന്നലെ ഉച്ച മുതല്‍ സുഹൈല്‍ മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കയറി മദ്യപിച്ചതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.വിമാനത്താവളത്തിലിറങ്ങിയ സുഹൃത്തിനെ കൂട്ടാനായാണ് സുഹൈല്‍ സജീവ് നെടുമ്പാശേരിയിലെത്തിയത്. അപകടമുണ്ടാക്കിയ ശേഷം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ സുഹൈല്‍ നാട്ടുകാരോടടക്കം തട്ടിക്കയറി. 'എന്റെ വാപ്പ എല്ലാം നോക്കിക്കോളും' എന്നാണ് മൂന്ന് നിരപരാധികളുടെ മരണത്തിനിടയാക്കിയ ശേഷം അഹങ്കാരത്തോടെ സുഹൈല്‍ പറഞ്ഞത്. 220 കിലോമീറ്ററോളം വേഗതയില്‍ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നിരന്തരം ചെയ്യുന്ന സുഹൈലിന്റേത് കൊടുംക്രിമിനലുകളുടേത് പോലുള്ള പ്രവൃത്തിയാണെന്ന് പൊലീസ് പറയുന്നത്.
ആലപ്പുഴ ആലുശേരി സ്വദേശികളും ബിസിനസുകാരുമായ സജീവ് ജമാലിന്റെയും നൂഹാ സജീവിന്റെയും മകനാണ് സുഹൈല്‍ സജീവ് (18). ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമകളാണിവർ. ഇൻസ്റ്റഗ്രാമിലടക്കം ദശലക്ഷം ഫോളോവേഴ്‌സുള്ള ഇഹയുടെ പേജില്‍ വീഡിയോകള്‍ ചെയ്യുന്നത് നൂഹയും സുഹൈലും ചേർന്നാണ്. രാജഗിരി കോളേജില്‍ ബി.കോം വിദ്യാർത്ഥിയാണ് സുഹൈല്‍. കാക്കനാടുള്ള ഗോള്‍ഡ് ടവർ എന്ന ഫ്ലാറ്റിലാണ് നിലവില്‍ കുടുംബം താമസിക്കുന്നത്.
Post a Comment