ഒക്ടോബര്‍ റേഷനില്‍ സ്പെഷ്യല്‍ അരി, എത്ര വീതം കിട്ടും?


തിരുവനന്തപുരം: ഒക്ടോബർ മാസത്തില്‍ റേഷൻ കാർഡ് ഉടമകള്‍ക്ക് സ്പെഷ്യല്‍ അരി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.പിങ്ക്, നീല, വെള്ള, ബ്രൗണ്‍ റേഷൻ കാർഡ് ഉടമകള്‍ക്കു നിലവിലുള്ള റേഷൻ വിഹിതത്തിനു പുറമേ കിലോഗ്രാമിന് 26 രൂപയ്ക്കാണ് സ്പെഷ്യല്‍ അരി നല്‍കുക. ഓണക്കാലത്ത് നല്‍കിയ സ്പെഷല്‍ അരിയുടെ ബാക്കി സ്റ്റോക്കാണിത്.
എത്ര കിട്ടും?
പിങ്ക് കാർഡുകള്‍ക്ക് പരമാവധി 3 കിലോഗ്രാം, നീലയും വെള്ളയും ബ്രൗണും കാർഡുകള്‍ക്ക് പരമാവധി 10 കിലോഗ്രാം വീതം എന്നിങ്ങനെ നല്‍കുന്നത്. അതേസമയം, സ്റ്റോക്കില്ലെന്ന് പറയുന്നതായി കാർഡ് ഉടമകളുടെ പരാതി ഉയർന്നിട്ടുണ്ട്. സ്‌റ്റോക്കില്ലാത്ത കടകളില്‍ അരി ചോദിച്ച്‌ എത്തുന്നതും പ്രശ്നമാകുന്നുവെന്ന് റേഷൻ വ്യാപാരികളും പറയുന്നു.
അതേസമയം, വകുപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പരാതി അറിയിച്ചവരോട് ഓരോ താലൂക്കിലും വിതരണം ചെയ്ത സ്പെഷല്‍ അരിയുടെ കണക്ക് പറഞ്ഞ് അധികൃതർ മറുപടി നല്‍കുന്നുണ്ട്.

ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം
അന്ത്യോദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.
അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
പൊതുവിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും.
കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.
അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post