ഇനിയും വൈകരുതേ: പെൻഷൻ മസ്റ്ററിങ് സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്ത സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് സമയപരിധി നീട്ടിയതായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് കഴിഞ്ഞ ദിവസം അവസാന തീയതി കഴിഞ്ഞിരുന്നു. സെപ്റ്റംബർ 30 വരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിരുന്ന സമയം. എന്നാല്‍ സംസ്ഥാനത്താകെ പതിനായിരക്കണക്കിന് ആളുകളാണ് ഇനിയും മസ്റ്ററിങ് ചെയ്യാത്തവരായി ഉള്ളത്. ഇത് പരിഗണിച്ചാണ് സമയം നീട്ടിയത്.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷകാർക്ക് മസ്റ്ററിങ് ചെയ്യാനുള്ള തീയതിയും നീട്ടിയിട്ടുണ്ട് നീട്ടി. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിങ് ആണ് 31 വരെ സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നത്. പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കണമെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡില്‍ നിന്നു 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ 2026-27 വർഷത്തെ വാർഷിക മസ്റ്ററിങ് അക്ഷയകേന്ദ്രങ്ങളില്‍ 31നകം പൂർത്തിയാക്കണമെന്നും അറിയിപ്പുണ്ട്.

ആലപ്പുഴ ജില്ലയില്‍ മാത്രം 40,000ത്തോളം പേർ മസ്റ്ററിങ് നടത്താൻ ഇനിയും ബാക്കിയുണ്ട്. ക്ഷേമനിധി പെൻഷൻ ഒഴികെ സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ചെയ്യാനുള്ളവരുടെ മാത്രംകണക്കാണിത്.

അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോ മെട്രിക് മസ്റ്ററിങ്ങാണ് നടത്തേണ്ടത്. ഇതിനായി പെൻഷനർ നേരിട്ട് ചെല്ലണം. ആധാർ കാർഡ് ആവശ്യമാണ് മസ്റ്ററിങ്ങിന്. സാമൂഹ്യ സുരക്ഷാ പെൻഷന് പുറമേ നിരവധി പേർ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ്ങും പൂർത്തിയാക്കാനുണ്ട്. അസംഘടിത തൊഴിലാളി തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ബില്‍ഡിംഗ് ആൻഡ് അദർ കണ്‍സ്ട്രക്ഷൻ വർക്കേഴ്‌സ്, കയർ വർക്കേഴ്‌സ്, ചുമട്ടുതൊഴിലാളി, തയ്യല്‍ തൊഴിലാളി, മോട്ടോർതൊഴിലാളി, കള്ളുചെത്ത്, ലോട്ടറിതൊഴിലാളി, സ്മോള്‍ പ്ലാന്റേഷൻ തൊഴിലാളി, മരംകയറ്റ തൊഴിലാളി എന്നിങ്ങനെയാണ് ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട ക്ഷേമനിധി വിഭാഗത്തില്‍ പെട്ടവർ. കർഷക തൊഴിലാളി പെൻഷൻ, വാർദ്ധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ സാമൂഹ്യക്ഷേമ പെൻഷനുകള്‍ വേറെയുമുണ്ട്.

Post a Comment

Previous Post Next Post