തിരക്കുപിടിച്ച ജീവിതത്തില്‍ ഓരോ ദിവസവും ദോശയ്ക്ക് അരിയും ഉഴുന്നും അരച്ച് മാവ് പുളിപ്പിക്കാൻ വയ്ക്കുക എന്നത് പലർക്കും വലിയൊരു ജോലിയാണ്.അതുകൊണ്ടുതന്നെ പലരും കടകളില്‍ നിന്ന് പാക്കറ്റുകളില്‍ ലഭിക്കുന്ന റെഡിമെയ്ഡ് ദോശമാവ് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാക്കറ്റ് ദോശമാവ് ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കുമെന്ന് അറിയാമോ? (Image Credit source: Getty Images)
മാവ് എപ്പോഴും എയർടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. വലിയ പാത്രത്തില്‍ നിന്ന് ഓരോ തവണയും മുഴുവനായി എടുത്തുപയോഗിക്കുന്നതിന് പകരം, ആവശ്യത്തിന് മാത്രം വേർതിരിച്ചെടുക്കുക. ഫ്രിഡ്ജിലെ താപനില കൃത്യമായി 4°C അല്ലെങ്കില്‍ അതില്‍ താഴെ നിലനിർത്താൻ ശ്രദ്ധിക്കുക.മാവ് കോരിയെടുക്കാൻ എപ്പോഴും വൃത്തിയുള്ള തവിയോ സ്പൂണോ മാത്രം ഉപയോഗിക്കുക. ഒരാഴ്ച മുഴുവൻ ഉപയോഗിക്കാനുള്ള മാവ് ഒരേ പാത്രത്തില്‍ സൂക്ഷിച്ച് ദിവസവും തുറക്കുന്നതിനു പകരം, 2-3 ദിവസത്തേക്ക് വേണ്ട അളവുകളായി മാറ്റി സൂക്ഷിക്കുന്നത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും.
ഫ്രിഡ്ജില്ലാത്ത സാഹചര്യത്തില്‍ പാക്കറ്റ് ദോശമാവ് ദിവസങ്ങളോളം സാധാരണ മുറിയിലെ താപനിലയില്‍ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍. സാധാരണ മുറിയിലെ താപനിലയില്‍ ഇത് പരമാവധി രണ്ട് മണിക്കൂറെന്നതാണ് പൊതുവായ ഭക്ഷ്യസുരക്ഷാ മാർഗനിർദേശം. മണ്‍പാത്രങ്ങളില്‍ വെക്കുന്നതും വെള്ളത്തില്‍ മുക്കിവയ്ക്കുന്നതും തണുപ്പ് നിലനിർത്താൻ സഹായിക്കുമെങ്കിലും ഫ്രിഡ്ജിന് പകരമാകില്ല.
ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് മാവ് ദിവസം മുഴുവൻ അടുക്കളയില്‍ വെക്കരുത്. പാക്കറ്റിലെ സ്റ്റോറേജ് നിർദേശങ്ങള്‍ അവഗണിക്കരുത്. പൂപ്പല്‍ വന്ന ഭാഗം മാത്രം നീക്കി ബാക്കി മാവ് ഉപയോഗിക്കുന്നതും നല്ലതല്ല. അസാധാരണമായ മണം വന്ന മാവ് പാചകത്തിനായി ഉപയോഗിക്കുന്നതും ഫ്രിഡ്ജില്ലാത്തപ്പോള്‍ ദിവസങ്ങളോളം മാവ് പുറത്ത് സൂക്ഷിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
Post a Comment