ഉദയഗിരിയിൽ കാട്ടുപന്നി നിർമ്മാർജ്ജന യജ്ഞത്തിന് തുടക്കമായി; ഒരെണ്ണത്തിനെ വെടിവെച്ചുകൊന്നു

 


ആലക്കോട്: ഉദയഗിരി പഞ്ചായത്തിൽ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും ഭീതിപരത്തുന്ന കാട്ടുപന്നികളെ തുരത്തുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമുള്ള പ്രത്യേക കാട്ടുപന്നി നിർമ്മാർജ്ജന യജ്ഞത്തിന് തുടക്കമായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യദിന തിരച്ചിലിൽ ഒരു കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയും ഒട്ടേറെ പന്നികളെ കാടുകയറ്റുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടിൽ, തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഓഫീസർ രാജീവൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് നടപടി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷക രക്ഷാസേനയിലെ 23 അംഗങ്ങളും രണ്ട് നായാട്ടുനായ്ക്കളും അടങ്ങുന്ന പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എൻ. പ്രസന്നകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ദു തോമസ്, സരിത ജോസ്, വാർഡ് മെമ്പർമാരായ ബേബി കോയിക്കൽ, ജോയി പള്ളിപ്പറമ്പിൽ, പി. ബി. രാജേഷ്, ജെയിസി ജോസ് എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.

കർണ്ണാടക വനമേഖലയോട് ചേർന്നുകിടക്കുന്ന കാപ്പിമല, ചീക്കാട്, മാമ്പോയിൽ, അരിവിളഞ്ഞപൊയിൽ, വായിക്കമ്പ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു. പഞ്ചായത്ത് ആരംഭിച്ച ഈ നിർമ്മാർജ്ജന യജ്ഞം മലയോര കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കർഷക രക്ഷാസേന അംഗങ്ങളായ ബെന്നി മുട്ടത്തിൽ, ഷാജി ഇലവുങ്കൽ, നിഷാദ് ജോൺ, കെ. സ്നേഹജൻ, സജി ഈഴക്കുന്നേൽ, പി. വി. സന്തോഷ്, എം. സതീഷ്, വർഗീസ് മത്തായി, കെ. ജെ. ജോർജ്ജ്, വി. ഡി. തോമസ്, എം. എ. ബിജി, എ. മധു, സിജോ കുര്യാക്കോസ്, ജിമ്മി അലക്സ്, കെ. എം. ഗോപി, ജെയിംസ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും പഞ്ചായത്തിലെ വിവിധ മേഖലകളിൽ തിരച്ചിൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post