ആലക്കോട്: കേരള-കർണാടക അതിർത്തി പ്രദേശമായ ചീക്കാട് ആനത്തോടിന് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന കർണാടക വനം വകുപ്പ് വാച്ചറുടെ ബുള്ളറ്റ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. മണക്കടവ് വായിക്കമ്പ സ്വദേശിയായ കരിപ്പാനകത്ത് കെ.എസ്. അജിത്കുമാറിന്റെ (29) ഉടമസ്ഥതയിലുള്ള 'കെ.എൽ 59 എ.എ 8755' നമ്പർ ബുള്ളറ്റാണ് കത്തിച്ചത്.
ദീർഘകാലമായി കർണാടക വനം വകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്തുവരികയാണ് അജിത്കുമാർ. ഔദ്യോഗിക ആവശ്യത്തിന്റെ ഭാഗമായി സഹപ്രവർത്തകനും കർണാടക വനം വകുപ്പിലെ വാച്ചറുമായ ചീക്കാട്ടെ സതീശന്റെ വീട്ടിലേക്ക് പോയതായിരുന്നു അദ്ദേഹം. റോഡ് മോശമായതിനാൽ ബുള്ളറ്റ് ആനത്തോടിന് സമീപം റോഡരികിൽ ഒതുക്കി നിർത്തിയ ശേഷമാണ് സതീശന്റെ വീട്ടിലേക്ക് നടന്നുപോയത്. തുടർന്ന് രാത്രിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് തിരികെ വരാൻ കഴിയാതെ ചീക്കാട് തന്നെ തങ്ങി. പിറ്റേന്ന് രാവിലെ എട്ടരയോടെ ബുള്ളറ്റ് എടുക്കാൻ ആനത്തോട് എത്തിയപ്പോഴാണ് വാഹനം തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ബുള്ളറ്റിന്റെ മുൻഭാഗം പൂർണമായും കത്തിയമർന്ന നിലയിലും, പിൻഭാഗത്തെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ട നിലയിലുമായിരുന്നു.
തീവെപ്പിന് പിന്നിൽ വന്യമൃഗ നായാട്ടുസംഘങ്ങളാണെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. വാഹനം കത്തിക്കാൻ ഉപയോഗിച്ച മണ്ണെണ്ണയുടെയും കടലാസിന്റെയും അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കർണാടക വനം കേന്ദ്രീകരിച്ചുള്ള വന്യമൃഗ വേട്ടയ്ക്കെതിരെ വനം വകുപ്പ് സമീപകാലത്തായി പരിശോധന ഊർജ്ജിതമാക്കുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. അജിത്കുമാറിന്റെ പരാതിയിൽ ആലക്കോട് എസ്.ഐ കെ. രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്തു.

Post a Comment