തളിപ്പറമ്പ് : കനത്ത മഴയില്‍ ദേശീയപാത സർവീസ് റോഡില്‍നിന്ന് കുത്തിയൊഴുകിയ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതോടെ കുറ്റിക്കോല്‍ പാലത്തിന് സമീപത്തെ കുടുംബങ്ങള്‍ ദുരിതത്തില്‍.
ദേശീയപാതാ നിർമാണം ആരംഭിച്ചതുമുതല്‍ മഴക്കാലത്ത് സമാനമായ ദുരിതം നേരിടുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളില്‍ വെള്ളവും ചെളിയും കയറിയതിനു പിന്നാലെ കിണറുകളില്‍ മലിനജലം നിറഞ്ഞതോടെ കുടിവെള്ളത്തിനും പ്രതിസന്ധി നേരിടുകയാണ് കുടുംബങ്ങള്‍.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് സർവീസ് റോഡില്‍നിന്ന് വെള്ളം സമീപത്തെ നിരവധി വീടുകളിലേക്ക് ഒഴുകിയെത്തിയത്. കുടുംബങ്ങള്‍ ആശ്രയിക്കുന്ന മണ്ണിട്ട വഴിയിലൂടെ വെള്ളം കുത്തിയൊഴുകിയതോടെ വീടുകളിലും പരിസരങ്ങളിലും ചെളി നിറഞ്ഞു. വീടുകളുടെ ശുചിമുറികളില്‍ വരെ വെള്ളം കയറിയതായും നാട്ടുകാർ പറയുന്നു. കിണറുകളില്‍ മലിനജലം കലർന്നതോടെ കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വീട്ടമ്മമാർ പറയുന്നു.
ചെളി നിറഞ്ഞ വഴിയിലൂടെ കുട്ടികള്‍ക്ക് സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകാൻ കഴിയാത്തതും കുടുംബങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ഡ്രൈനേജ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചതാണ് വെള്ളക്കെട്ടിനും വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നതിനും കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഡ്രൈനേജ് നിർമാണം പൂർത്തിയാക്കി വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment