ജലദോഷം, അലര്ജി, ശ്വാസകോശ അണുബാധ തുടങ്ങി പല കാരണങ്ങള് കൊണ്ടും തൊണ്ടയില് കഫം കെട്ടാറുണ്ട്. തൊണ്ടയില് എന്തോ തടഞ്ഞു നില്ക്കുന്നതുപോലെയുള്ള തോന്നല്, ഇടയ്ക്കിടെ തൊണ്ട ക്ലിയർ ചെയ്യേണ്ടി വരുക, ചുമ, അസ്വസ്ഥത എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്.രാവിലെ ഉറക്കമുണരുമ്പോള് ഈ ബുദ്ധിമുട്ട് കൂടുതല് അനുഭവപ്പെടുന്നവരും നിരവധിയാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് കഫമെങ്കിലും, ചില സാഹചര്യങ്ങളില് ഇതിന്റെ അളവ് കൂടുകയോ കട്ടിയാവുകയോ ചെയ്യുമ്പോള് തൊണ്ടയില് അസ്വസ്ഥത ഉണ്ടാകുന്നു. ശ്വാസകോശ അണുബാധകള് കഫത്തിന്റെ അളവ് വർദ്ധിപ്പിക്കുമ്പോള്, പൊടിപടലങ്ങള് മൂലമുള്ള അലർജികള് മൂക്കില് കഫം വർദ്ധിപ്പിച്ച് അത് തൊണ്ടയിലേക്ക് ഒഴുകിയിറങ്ങാൻ കാരണമാകുന്നു. അന്തരീക്ഷത്തിലെ ഈർപ്പക്കുറവ്, പുക, ആമാശയത്തിലെ ആസിഡ് മുകളിലേക്ക് എത്തുന്ന ആസിഡ് റിഫ്ളക്സ് എന്നിവയും തൊണ്ടയില് കഫമുള്ളതുപോലെ തോന്നാൻ ഇടയാക്കും.
തൊണ്ടയിലെ ഈ അസ്വസ്ഥതകള് ഒഴിവാക്കാൻ ചില ലളിതമായ കാര്യങ്ങള് ചെയ്യാവുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കഫം നേർത്തതാക്കാനും പുറന്തള്ളാനും സഹായിക്കും. ചെറുചൂടുള്ള വെള്ളമോ സൂപ്പോ കുടിക്കുന്നത് തൊണ്ടയ്ക്ക് വലിയ ആശ്വാസം നല്കും. ചെറുചൂടുള്ള വെള്ളത്തില് അല്പ്പം ഉപ്പ് ചേർത്ത് ഗാർഗിള് ചെയ്യുന്നതും തൊണ്ടയിലെ വേദനയും അസ്വസ്ഥതയും കുറയ്ക്കും. സിഗരറ്റ് പുക, പൊടി, ശക്തമായ ഗന്ധമുള്ള വസ്തുക്കള് എന്നിവയുമായുള്ള സമ്പര്ക്കം പരമാവധി കുറയ്ക്കേണ്ടതാണ്. കഫം തോന്നുമ്പോള് ശക്തിയായി ചുമച്ച് അത് പുറത്തുകളയാൻ ശ്രമിക്കുന്നത് അസ്വസ്ഥത കൂട്ടും എന്നതിനാല്, പകരം അല്പ്പം വെള്ളം കുടിക്കുകയാണ് വേണ്ടത്. ആസിഡ് റിഫ്ളക്സ് പ്രശ്നമുള്ളവർ ഭക്ഷണം കഴിച്ച് കുറഞ്ഞത് മൂന്ന് മണിക്കൂറിനു ശേഷം മാത്രം കിടക്കാൻ ശ്രദ്ധിക്കുക.എങ്കിലും, ശ്വാസമെടുക്കാന് ബുദ്ധിമുട്ട്, ശക്തമായ നെഞ്ചുവേദന, കഫത്തില് രക്തം കാണപ്പെടുക, ഉയര്ന്ന പനി, വിഴുങ്ങാന് ബുദ്ധിമുട്ട്, നീണ്ടുനില്ക്കുന്ന ചുമയും കഫവും എന്നിവ അനുഭവപ്പെടുകയാണെങ്കില് അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകളോ മറ്റു മരുന്നുകളോ സ്വയം വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക. വ്യത്യസ്ത കാരണങ്ങള്ക്ക് വ്യത്യസ്ത ചികിത്സകളാണ് ആവശ്യമെന്നതിനാല് ആരോഗ്യപ്രശ്നങ്ങള്ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
NB: ഈ വാർത്തയില് ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
Post a Comment