(ഫയൽ ചിത്രം)
ആലക്കോട്: മലയോര മേഖലയിൽ ആക്രി ശേഖരിക്കാനെന്ന പേരിൽ എത്തുന്ന നാടോടി സംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ആലക്കോട്, രയരോം, കാർത്തികപുരം, മണക്കടവ്, ഉദയഗിരി, തേർത്തല്ലി, കരുവൻചാൽ,വെള്ളാട് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘങ്ങൾ ജനങ്ങൾക്ക് നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
പഴയ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന പകൽസമയങ്ങളിൽ വീടുകളിലും പറമ്പുകളിലും അനുവാദമില്ലാതെ കയറിപ്പറ്റുന്നതാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. വീടുകളിൽ ആളില്ലാത്ത സമയങ്ങളിലും പ്രായമായവരും കുട്ടികളും മാത്രമുള്ളപ്പോഴും കൂട്ടമായെത്തുന്ന ഇവർ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. സംസാരിച്ച് വയോധികരെ കബളിപ്പിക്കാനും പരിസരങ്ങളിൽ തമ്പടിക്കാനും ശ്രമിക്കുന്നതായും പരാതിയുണ്ട്.
സ്ത്രീകൾ വീടുകളിലേക്ക് എത്തുമ്പോൾ പുരുഷന്മാർ പരിസരങ്ങളിൽ തമ്പടിക്കുന്ന രീതിയാണ് ഇവരുടേത്. അനുവാദമില്ലാതെ പുരയിടങ്ങളിൽ അതിക്രമിച്ചു കയറുന്നതും ഭീതിയുണർത്തുന്ന രീതിയിലുള്ള പെരുമാറ്റവും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. മലയോര മേഖലകളിൽ ഇത്തരം സംഘങ്ങളുടെ ശല്യം തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment