തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ പിഴകൾ 50 ശതമാനം മാത്രം അടച്ച് തീർപ്പാക്കാൻ വാഹന ഉടമകൾക്ക് വീണ്ടും സുവർണാവസരം. കുടിശ്ശിക കിടക്കുന്ന ചലാനുകൾ തീർപ്പാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ആംനസ്റ്റി പദ്ധതി 2026 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 2027 ജനുവരി 31 വരെയാണ് ഇതിനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
2026 മാർച്ച് 31-ന് മുൻപ് രജിസ്റ്റർ ചെയ്ത ചലാനുകൾക്കാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ കോടതി വ്യവഹാരങ്ങളിലേക്ക് കടന്ന കേസുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
ചലാനുകൾ തീർപ്പാക്കാതെ ബാക്കിവെച്ചിട്ടുള്ള വാഹനങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കും ആർ.ടി.ഒ സേവനങ്ങൾ നൽകുന്നത് പൂർണ്ണമായി തടയുന്നതിനുള്ള കർശന നിയമം ഉടൻ നിലവിൽ വരാനിരിക്കുകയാണ്. ടാക്സ് അടയ്ക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, ലൈസൻസ് പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഇതോടെ തടസ്സപ്പെടും. ഈ നടപടികൾ ഒഴിവാക്കാൻ വാഹന ഉടമകളും ഡ്രൈവർമാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
.

Post a Comment