18ല്‍ വിവാഹം, വിജേഷുമായി 20 വയസിന്റെ വ്യത്യാസം; സുഹൃത്തിന്റെ വിവാഹത്തിന് പിന്നാലെ വിസ്മയയ്ക്ക് മാനസിക വിഷമം


തൃശൂർ: വലപ്പാട് ബീച്ചിന് സമീപം യുവാവ് ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊല്ലപ്പെട്ട വിസ്മയയും ഭർത്താവ് വിജേഷും തമ്മിലുണ്ടായിരുന്ന കുടുംബ വഴക്കിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിജേഷിന്റെ സംശയവും അതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള അകല്‍ച്ചയും വർദ്ധിച്ചതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
വിസ്മയയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് ലോറി ഡ്രൈവറായ വിജേഷുമായുള്ള വിവാഹം നടന്നത്. വിജേഷിന് വിസ്മയയെക്കാള്‍ 20 വയസ് കൂടുതലായിരുന്നു. പ്രായവ്യത്യാസത്തെത്തുടർന്നുള്ള പ്രശ്നങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. വിവാഹത്തിനുശേഷം വിസ്മയ വിജേഷിന്റെ വീട്ടില്‍ അധികനാള്‍ താമസിച്ചിരുന്നില്ല. വലപ്പാട്ടെ സ്വന്തം വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം. വിജേഷ് ആഴ്ചയില്‍ രണ്ടുദിവസം ഇവിടെ എത്തുകയായിരുന്നു പതിവ്.ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ വിസ്മയ വിവാഹമോചനത്തെക്കുറിച്ച്‌ വിജേഷുമായി സംസാരിച്ചിരുന്നു. എന്നാല്‍ വൈകി വിവാഹം കഴിച്ചതിനാല്‍ ബന്ധത്തില്‍നിന്ന് പിന്മാറാൻ തയ്യാറല്ലെന്നായിരുന്നു വിജേഷിന്റെ നിലപാട്. കൂടാതെ, ആംബുലൻസ് ഡ്രൈവറായ യുവാവുമായി വിസ്മയയ്ക്ക് സൗഹൃദം ഉണ്ടായിരുന്നതായും വിവരമുണ്ട്. രോഗിയായ അച്ഛനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇയാളെ വിസ്മയ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇയാളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് വിസ്മയ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് വിസ്മയ ചികിത്സ തേടിയിരുന്നു. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി സ്ത്രീകളെ പാർപ്പിക്കുന്ന 'സഖി' കേന്ദ്രത്തിലേക്ക് മാറാൻ വിസ്മയയുടെ അമ്മയും സഹോദരനും ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുമായുള്ള ബന്ധത്തില്‍ വിസ്മയയുടെ സഹോദരനും അതൃപ്തിയുണ്ടായിരുന്നു.

Post a Comment

Previous Post Next Post