ഒറ്റക്കാലില്‍ 10 സെക്കൻഡ് നില്‍ക്കൂ... നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്‌ ഈ ടെസ്റ്റ് പറയും


ഒരു കാലില്‍ 10 സെക്കൻഡ് നേരം നില്‍ക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്‌ അറിയാൻ സാധിക്കുമെന്ന് പറ‍ഞ്ഞാല്‍ വിശ്വസിക്കുമോ?എങ്കില്‍ വിശ്വസിച്ചേ മതിയാകൂ. ഒറ്റക്കാലില്‍ നില്‍ക്കുന്നത് ലളിതമാണെന്ന് തോന്നാമെങ്കിലും ഈ ഒരു സിമ്പിള്‍ ടെസ്റ്റിലൂടെ നിങ്ങളുടെ ശരീരത്തിൻ്റെ ബാലൻസിനെയും ആരോഗ്യത്തെയും കുറിച്ച്‌ പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും.
പ്രധാനമായും പ്രായമായവരില്‍ ശാരീരികക്ഷമത പരിശോധിക്കാനുള്ള പ്രധാന മാർഗമായി ഈ ടെസ്റ്റ് ചെയ്യാവുന്നതാണ്. പ്രായമാകുമ്പോള്‍ നമ്മുടെ പേശികള്‍, സന്ധികള്‍, കാഴ്ചശക്തി, നാഡീവ്യൂഹം എന്നിവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ബാലൻസിനെ ബാധിക്കാറുണ്ട്. ഇതിനാലാണ് ഈ ടെസ്റ്റ് പ്രധാനമാകുന്നത്. ഇങ്ങനെ ഒറ്റക്കാലില്‍ അനങ്ങാതെ ചിലർക്ക് നില്‍ക്കാൻ സാധിക്കുമെങ്കിലും മറ്റുചിലർക്ക് ഏതാനും സെക്കൻഡുകള്‍ പോലും നില്‍ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇതുവഴി വീഴാനും പോയേക്കാം.

ഈ സിമ്പിള്‍ ടെസ്റ്റ് മുഴുവനാക്കാൻ കഴിയാതെ വരുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നല്ല അർഥം. ശാരീരിക ബലം, ചലനശേഷി, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിന്റെ ബാലൻസ് നില്‍ക്കുന്നത്. അതിനാല്‍ ഈ ടെസ്റ്റ് ചെയ്യുന്നതിലൂടെ എപ്പോള്‍ മുതലാണ് ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നതെന്നും എപ്പോള്‍ മുതല്‍ ശ്രദ്ധിക്കണം എന്നതും മനസിലാക്കാം. ‌
കാരണം ഒരു കാലില്‍ നില്‍ക്കാൻ നിങ്ങളുടെ ശരീരം ഒരേസമയം നിരവധി സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. ശരീരഭാരം താങ്ങാൻ പേശികള്‍ തയ്യാറാകണം, സന്ധികള്‍ സ്ഥിരതയോടെ നിലനില്‍ക്കണം, ഒപ്പം നിങ്ങളെ നേരെ നില്‍ക്കാൻ സഹായിക്കുന്നതിനായി നിങ്ങളുടെ കണ്ണുകളില്‍ നിന്നും ചെവിയില്‍ നിന്നും തലച്ചോറിലേക്ക് സന്ദേശം കൈമാറേണ്ടതുണ്ട്. അതായത്, ഒറ്റക്കാലില്‍ നില്‍ക്കാൻ കാല് മാത്രം വിചാരിച്ചാല്‍ ന‌ടക്കില്ലെന്നർഥം. വീഴ്ചയ്ക്കുള്ള സാധ്യത, തലച്ചോറും ശരീരവും തമ്മിലുള്ള ഏകോപനം, പേശികളുടെ ബലത്തിലെ മാറ്റങ്ങള്‍ എന്നിവ ഈ ടെസ്റ്റിലൂടെ തിരിച്ചറിയാം. പേശികള്‍, കണ്ണുകള്‍, കാലുകള്‍, സന്ധികള്‍ എന്നിവ ആരോഗ്യത്തോ‌ടെയാണെന്ന് മനസ്സിലാക്കാൻ ഈ സിമ്പിള്‍ ടെസ്റ്റ് ട്രൈ ചെയ്തു നോക്കൂ...

Post a Comment

Previous Post Next Post