കുടിയന്മാർ വിയർത്തു, ബെവ്കോ കൊയ്തു: ജീവനക്കാർക്ക് ലക്ഷം കടന്ന് ബോണസ് മഴ!


തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. പരമാവധി ബോണസ് തുക 1,05,000 രൂപയായി നിശ്ചയിച്ചു.കഴിഞ്ഞ വര്‍ഷം സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപയാണ് ബോണസായി നല്‍കിയിരുന്നത്. അതിനേക്കാള്‍ 2,500 രൂപയുടെ വര്‍ധനവാണ് ഇത്തവണ വരുത്തിയിട്ടുള്ളത്. കൂടാതെ, ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 50,000 രൂപ വരെ ലഭ്യമാക്കാനും എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
മറ്റ് തസ്തികകളിലുള്ള ജീവനക്കാരുടെയും ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ ബോണസ് 250 രൂപ വര്‍ധിപ്പിച്ച്‌ 6,250 രൂപയാക്കി. സ്വീപ്പര്‍ തസ്തികയിലുള്ളവര്‍ക്ക് 6,750 രൂപയും, ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപയും ബോണസായി നല്‍കും.
സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. 2025 മാര്‍ച്ച്‌ 31-ലെ കണക്കനുസരിച്ച്‌ ബെവ്‌കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ ഗാലനേജ് ഫീ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാര്‍ച്ച്‌ 31-ന് കോര്‍പ്പറേഷന്‍ 281.95 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഈ വിഷയം ഗൗരവമായി പഠിച്ച്‌, ധനകാര്യ വകുപ്പിന്റെ അനുമതിയോടെ നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post