കര്‍ണാടകയില്‍ ബസ് കാത്തുനിന്ന യുവതിയെ യുവാവ് വഴിയിലിട്ട് വെട്ടിക്കൊന്നു ; ഓടി രക്ഷപ്പെട്ടപ്പോള്‍ പിന്നാലെ ഓടിച്ചിട്ടു പിടിച്ചു

കര്‍ണാടകയില്‍ വ്യാഴാഴ്ച ബസ് സ്റ്റാന്‍ഡില്‍ നിന്ന യുവതിയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. ബണ്ട്വാളിലെ ബി.സി റോഡിലുള്ള കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്.

പ്രതി ഇരയെ ആക്രമിക്കുന്നതും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച്‌ ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. ബണ്ട്വാളിലെ ഉളിഗ്രാം സ്വദേശിനിയും കല്ലഡ്ക്കയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയുമായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി ഒഡില്‍നാല സ്വദേശിയായ ചേതന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ പ്രകോപനമോ സാഹചര്യങ്ങളോ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പോലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, വൈകുന്നേരം 6 മണിയോടെ യുവതി ബസ് കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. പ്രതി ബാഗില്‍ നിന്ന് വെട്ടുകത്തി പുറത്തെടുത്തപ്പോള്‍ യുവതി ഓടി രക്ഷപെടാന്‍ ശ്രമിച്ചതായാണ് പ്രാഥമിക വിവരം. എന്നാല്‍ പ്രതി പിന്നാലെ ഓടിച്ചിട്ട്് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബണ്ട്വാള്‍ സബ് ഡിവിഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ബണ്ട്വാള്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post