ഇഞ്ചി ഇനി പെട്ടെന്ന് കേടായിപ്പോകില്ല; മാസംതോറും ഫ്രഷായി സൂക്ഷിക്കാനും കേടായവ തിരിച്ചറിയാനുമുള്ള എളുപ്പവഴികള്‍ അറിയാം


അടുക്കളയിലെ അവശ്യവസ്തുവായ ഇഞ്ചി പെട്ടെന്ന് കേടായിപ്പോകുന്നത് മലയാളികളെ സംബന്ധിച്ച്‌ സ്ഥിരമുള്ളൊരു പ്രശ്നമാണ്.മണ്ണില്‍ നിന്ന് പറിച്ചെടുത്ത ശേഷവും ഇഞ്ചി ശ്വസിക്കുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഇതിലുള്ള എൻസൈമുകള്‍ നിരന്തരം വിഘടിക്കുന്നത് കൊണ്ടാണ് വാങ്ങുമ്പോള്‍ നല്ല ഉഷാറായിരിക്കുന്ന ഇഞ്ചി ദിവസങ്ങള്‍ക്കകം ചുളിവുകള്‍ വീണ് മൃദുവാകുന്നത്.
രണ്ടോ മൂന്നോ ആഴ്ചത്തേക്കാണ് ഇഞ്ചിയെങ്കില്‍ അത് ഫ്രിജില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഒരു പേപ്പർ ടവലിലോ പ്ലാസ്റ്റിക് റാപ്പറിലോ പൊതിഞ്ഞോ, അല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കിയോ ഫ്രിജില്‍ വച്ചാല്‍ രണ്ടാഴ്ച മുതല്‍ മൂന്നാഴ്ച വരെ ഇഞ്ചി കേടുകൂടാതെയിരിക്കും. പേപ്പർ ടവല്‍ അധികമുള്ള ഈർപ്പം വലിച്ചെടുത്ത് പൂപ്പല്‍ വരുന്നത് തടയുമ്പോള്‍, പ്ലാസ്റ്റിക് കവർ ഇത് ഉണങ്ങിപ്പോകാതെ സംരക്ഷിക്കുന്നു.
മാസങ്ങളോളം കേടാകാതിരിക്കാൻ ഇഞ്ചി ഫ്രീസറില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. തൊലി കളയാത്ത ഇഞ്ചി എയർ ടൈറ്റ് ബാഗിലോ പാത്രത്തിലോ അടച്ച്‌ ഫ്രീസറില്‍ വച്ചാല്‍ മൂന്ന് മുതല്‍ നാല് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. എളുപ്പത്തിനായി ഇഞ്ചി ചെറുതായി അരിഞ്ഞോ ചിരവിയോ ഐസ് ക്യൂബ് ട്രേകളില്‍ വച്ചും ഫ്രീസ് ചെയ്യാവുന്നതാണ്.
വളരെ കുറഞ്ഞ ദിവസങ്ങളിലേക്ക് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇഞ്ചി ഫ്രിജില്‍ വയ്ക്കേണ്ടതില്ല. ഇത് സാധാരണ താപനിലയില്‍ വായുസഞ്ചാരമുള്ളിടത്ത് സൂക്ഷിച്ചാല്‍ മതിയാകും. എന്നാല്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിവെക്കാനോ നേരിട്ട് വെയില്‍ അടിക്കുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കാനോ പാടില്ല, കാരണം ചൂടും വെളിച്ചവും ഇഞ്ചിയുടെ സ്വാഭാവിക സുഗന്ധവും എണ്ണമയവും നഷ്ടപ്പെടുത്തും.

ഇഞ്ചി അമർത്തുമ്പോള്‍ കുഴിഞ്ഞുപോവുകയോ മൃദുവാകുകയോ ചെയ്താല്‍ അത് കേടായി എന്ന് മനസ്സിലാക്കാം. തൊലി ചുക്കിച്ചുളിയുന്നതും, പൂപ്പലോ കറുത്ത പാടുകളോ വരുന്നതും ഉപയോഗയോഗ്യമല്ലാതാക്കുന്നു. സംശയം തോന്നുന്ന ഇഞ്ചി മുറിച്ചു നോക്കുമ്പോള്‍ ഉള്ളില്‍ കടും മഞ്ഞയോ, ചാരനിറമോ, തവിട്ടുനിറമോ ആയി മാറിയിട്ടുണ്ടെങ്കില്‍ പുറംഭാഗം നല്ലതാണെന്ന് തോന്നിയാലും അത് ഒഴിവാക്കണം.

Post a Comment

Previous Post Next Post