ആലക്കോട്: കേരള-കർണാടക അതിർത്തിയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ഉദയഗിരി പഞ്ചായത്തിലെ ഉദയഗിരി, മണക്കടവ്, പുളിങ്ങോം, ചൂരപ്പടവ് തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളായി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടമാണ്. വ്യാപക കൃഷിനാശം വരുത്തി വീടുകളുടെ മുറ്റത്ത് വരെ എത്തിയ കാട്ടാനകളെ തുരത്താൻ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കാട്ടാനശല്യം തടയാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കാട്ടാനകളെ തുരത്താൻ നടപടി ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദയഗിരിയുടെ വിവിധ മേഖലകളിൽ പരിശോധന നടത്തി. കാട്ടാനകളെ തുരത്താൻ കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകി.
Post a Comment