'കേരള' ഇനി 'കേരളം'; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റാനുള്ള ബില്‍ നിയമസഭ ഐക്യകണ്ഠേന പാസാക്കി


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള'യില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ചരിത്രപരമായ ബില്‍ നിയമസഭ ഐക്യകണ്ഠേന പാസാക്കി.
രാഷ്ട്രപതിയുടെ റഫറൻസിനെ തുടർന്നാണ് ബില്‍ വീണ്ടും സഭയുടെ പരിഗണനയ്ക്ക് എത്തിയത്. ബില്‍ പാസായതോടെ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കുന്നതിനുള്ള നടപടികള്‍ ഇനി പാർലമെന്റിലേക്ക് കടക്കും.
ഇനം തിരിച്ചുള്ള വോട്ടെടുപ്പിലൂടെയാണ് ബില്‍ സഭ അംഗീകരിച്ചത്. ഭരണഘടനാ ഭേദഗതി ആവശ്യമായ വിഷയമായതിനാല്‍ ഇനി കരട് ബില്‍ ലോക്‌സഭയുടെ പരിഗണനയ്ക്കായി അയക്കും. തുടർന്ന് ലോക്‌സഭയും രാജ്യസഭയും ബില്‍ പാസാക്കണം. അതിനുശേഷം കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നതോടെയാണ് പേര് മാറ്റം ഔദ്യോഗികമായി നിലവില്‍ വരിക.

പേര് മാറ്റം പ്രാബല്യത്തില്‍ വന്നാല്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷില്‍ നിലവിലുള്ള "കേരള ( kerala) " എന്നതിന് പകരം "കേരളം ( keralam) " എന്ന പേര് ഉപയോഗിക്കും. മലയാളത്തില്‍ സംസ്ഥാനത്തിന്റെ പേര് നിലവില്‍ ഉപയോഗിക്കുന്നതുപോലെ 'കേരളം' തന്നെയായിരിക്കും.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കണമെന്ന ആവശ്യം വർഷങ്ങളായി വിവിധ മേഖലകളില്‍ നിന്ന് ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി 2024 ജൂണ്‍ 24-ന് നിയമസഭ ആദ്യമായി പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ നിർദേശപ്രകാരം ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ ബില്‍ വീണ്ടും നിയമസഭയുടെ അംഗീകാരം നേടിയത്.
1956-ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഇത്രയും ദൂരം മുന്നേറുന്നത്. പാർലമെന്റിന്റെ അംഗീകാരവും കേന്ദ്ര വിജ്ഞാപനവും ലഭിക്കുന്നതോടെ 'കേരളം' എന്ന പേര് രാജ്യത്തിന്റെ ഔദ്യോഗിക രേഖകളിലും ഭരണഘടനാപരമായ രേഖകളിലും ഇടംപിടിക്കുന്ന ചരിത്രനിമിഷത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കും.


Post a Comment

Previous Post Next Post