നാടൊന്നിച്ചതോടെ അവള്‍ ഇനി ചിരിക്കും. മിയ മരിയയ്ക്കായി 16.5 കോടി രൂപ സമാഹരിച്ചു

നാടൊന്നിച്ചതോടെ അവള്‍ ഇനി ചിരിക്കും. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ് 1 എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച ജിനു ജോര്‍ജ് നിമ്മി ജോഷി ദമ്പതികളുടെ മകള്‍ മിയ മരിയയ്ക്കായി 16.5 കോടി രൂപ സമാഹരിച്ചു.

കുരുന്നിന്റെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ന്‍ ആണ് ഫലം കണ്ടത്. ഇതുവഴി പതിനാറര കോടി രൂപയാണ് സമാഹരിച്ചത്. സേവ് ബേബി മിയ ക്യാംപെയ്‌നുവേണ്ടി രൂപീകരിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വിവരവും പുറത്തുവന്നത്.
വിദേശത്തുനിന്ന് പതിനാറര കോടിയുടെ മരുന്നെത്തിച്ച്‌ ജീന്‍ തെറാപ്പി നല്‍കിയാല്‍ മാത്രമേ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ കാക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ബേബി മിയയ്ക്കായി ക്യാമ്പെയിന്‍ ആരംഭിച്ചത്. സേവ് ബേബി മിയ കാമ്പെയ്നിനൊപ്പം നിന്ന എല്ലാവര്‍ക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മിയയുടെ സന്ദേശമായും ഒരു കുറിപ്പുണ്ട്. പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച്‌ സ്വപ്നം കാണാനും അവസരം നല്‍കിയതിന് നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാന്‍ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നു.-എന്നാണ് കുറിച്ചത്.
നിങ്ങളുടെ പ്രാര്‍ത്ഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓര്‍ക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയില്‍ നടക്കാനും പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളര്‍ന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാര്‍ത്ഥിക്കണമെന്നും ഇതിനൊപ്പമുണ്ട്.
മിയയ്ക്കായി രൂപീകരിച്ച അക്കൗണ്ട് നമ്പറിലേക്ക് പണമയക്കുന്നത് ഉടനടി നിര്‍ത്തണമെന്നും മറ്റൊരു പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post