ദേശീയ സെൻസസ് 2027; ഇന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ വീട്ടിലെത്തി വിവരം ശേഖരിക്കും


കണ്ണൂർ : ദേശീയ സെൻസസ് 2027 ന്റെ ഭാഗമായി ഇന്ന് മുതല്‍ എന്യൂമറേറ്റർമാർ വീട്ടിലെത്തി വിവരം ശേഖരിക്കും.ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ഇന്ന് മുതല്‍ ജൂലൈ 30 വരെ നടക്കും.കണ്ണൂർ ജില്ലയില്‍ ആകെ 4100 എന്യൂമറേറ്റർമാർ ആണുള്ളത്.ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളില്‍ 16 ചാർജുകളായി തിരിച്ചാണ് എന്യൂമറേറ്റർമാറരെ വിന്യസിച്ചിട്ടുള്ളത്. തലശ്ശേരി താലൂക്കില്‍ ആണ് കൂടുതല്‍ എന്യൂമറേറ്റർമാർ.
ഇതിനു പുറമേ ജില്ലയില്‍ 670 സൂപ്പർവൈസർമാരുമുണ്ട്. ആദ്യത്തെ മൂന്നു ദിവസം എന്യൂമറേറ്റർമാരുടെ കൂടെ സൂപ്പർവൈസർമാരും ഫീല്‍ഡില്‍ ഉണ്ടാകും. ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റർ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങള്‍ നേരത്തെ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ സെല്‍ഫ് എന്യൂമറേഷൻ നടത്താൻ ജൂണ്‍ 30 വരെ അവസരം നല്‍കിയിരുന്നു. സെല്‍ഫ് എന്യൂമറേഷൻ മുഖേന വിവരം നല്‍കിയവർക്ക് ലഭിച്ച, H ല്‍ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പർ എന്യൂമറേറ്റർക്ക് നല്‍കിയാല്‍ എന്യൂമറേറ്റർക്ക് ഈ 33 ചോദ്യങ്ങള്‍ക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നല്‍കിയ ഉത്തരങ്ങള്‍ സ്ഥിരീകരിച്ചാല്‍ മാത്രം മതി. സെല്‍ഫ് എന്യൂമറേഷൻ മുഖേന നല്‍കിയ വിവരങ്ങളില്‍ തിരുത്ത് ഉണ്ടെങ്കില്‍ അത് എന്യൂമറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി തിരുത്തുകയും ചെയ്യാം.
എച്ച്‌.എല്‍.ഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റർമാർ വിവരശേഖരം നടത്തുക. വീടുകളില്‍ എത്തുന്ന എന്യൂമറേറ്ററുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സെൻസസ് പ്രവർത്തനങ്ങളുമായി എല്ലാവരും പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലയുടെ പ്രിൻസിപ്പല്‍ സെൻസസ് ഓഫീസർ ആയ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അഭ്യർത്ഥിച്ചു. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും.

Post a Comment

Previous Post Next Post