തൊടുപുഴ: ജില്ലയില്‍ ഇറച്ചിക്കോഴിയുടെ വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഒറ്റദിവസം കൊണ്ട് കിലോയ്ക്ക് 5 മുതല്‍ 8 രൂപ വരെ വർധിച്ചതോടെ നിലവില്‍ 183 മുതല്‍ 190 രൂപ വരെയാണ് വിപണിവില.
സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളില്‍ വില കുറയാറുള്ള സാഹചര്യത്തിലാണ് ഇത്തവണ വിപരീത പ്രവണത പ്രകടമാകുന്നത്.
കോഴി ഉല്‍പാദനത്തിലുണ്ടായ കുറവും കോഴിത്തീറ്റയുടെ വിലവർധനയും ചേർന്നതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അവരുടെ വിലയിരുത്തല്‍.
വില കുതിച്ചുയർന്നതോടെ ചിക്കൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. ഉപഭോക്താക്കള്‍ വാങ്ങുന്ന അളവ് കുറച്ചതും വിപണിയിലെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ചിക്കൻ വിലക്കയറ്റം ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്ന സാഹചര്യത്തില്‍ ചിക്കൻ വിഭവങ്ങളുടെ വില വർധിപ്പിക്കേണ്ടിവരുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഇതിനിടെ ബീഫ്, പോർക്ക്, മത്സ്യം തുടങ്ങിയ മറ്റ് നോണ്‍വെജ് വിഭവങ്ങള്‍ക്കും ഉയർന്ന വില തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തികഭാരം നേരിടേണ്ട സാഹചര്യമാണുള്ളത്.
അവശ്യവസ്തുക്കളിലൊന്നായി മാറിയ കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമാകുകയാണ്. തുടർച്ചയായ വിലക്കയറ്റം സാധാരണ കുടുംബങ്ങളുടെ ഭക്ഷണച്ചെലവിനെയും ഹോട്ടല്‍ മേഖലയെയും ഒരുപോലെ ബാധിക്കുമെന്നാണ് ആശങ്ക.
Post a Comment