ഫിഫ ലോകകപ്പ് തുടങ്ങിയ ഘട്ടത്തില്‍ സമൂഹമാധ്യമങ്ങള്‍ അടക്കിഭരിച്ച ഒരു വീഡിയോയായിരുന്നു ലാമിൻ യമാലിന്റെ ടീം ജേഴ്സി ലക്ഷ്മി അമ്മാള്‍ എന്ന് വായിച്ച് കച്ചവടം ചെയ്യുന്ന ജഴ്സി വില്‍പ്പനക്കാരിയുടേത്.
ആദ്യ വീഡിയോ വൈറല്‍ ആയതോടെ ആ വയോധികയുടെ ജീവിതം തന്നെ മാറി മറിഞ്ഞു എന്ന് പറയാം. ഇന്ന് ഇൻസ്റ്റഗ്രാമില്‍ ഈ വൈറല്‍ പാട്ടിയെ അറിയാത്തവർ ചുരുക്കം. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ലക്ഷ്മി അമ്മാളും ജഴ്സിയും വൈറലായി. ഇപ്പോഴിതാ അതേ ലാമിൻ യമാല്‍ കാരണം വീണ്ടും ഈ പാട്ടിയെ തേടി ഭാഗ്യം എത്തിയിരിക്കുന്നു, അതും ഐഫോണ്‍ 17 പ്രോ മാക്സിന്റെ രൂപത്തില്‍.
വൈറല്‍ കഥയുടെ തുടക്കം
പോണ്ടിച്ചേരിക്കാരിയായ സെല്‍വി (54) എന്ന സ്ത്രീയാണ് ലാമിൻ യമാല്‍ എന്നത് ലക്ഷ്മി അമ്മാള്‍ എന്ന് വായിച്ച് വൈറലായത്. ആ സംഭവത്തെപ്പറ്റി അവർ പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്: പോണ്ടിച്ചേരിയിലെ നൈനാർ മണ്ഡപത്തില്‍ '350 ഷർട്ട്സ്' എന്ന പേരില്‍ ഒരു ചെറിയ വസ്ത്രക്കട നടത്തുകയാണ് സെല്‍വി. ഫുട്ബോള്‍ ലോകകപ്പ് ആവേശം കൊടുമുടിയിലെത്തിയതോടെ കടയില്‍ ജഴ്സി വില്‍പനയും തുടങ്ങി.
ഒരിക്കല്‍ ബാംഗ്ലൂരില്‍ നിന്ന് ഒരു സംഘം ആകസ്മികമായി ഈ കടയിലെത്തി. അവരോട് ജഴ്സികള്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ ലാമിൻ യമാലിന്റെ ജഴ്സി ചൂണ്ടി ഇത് ആരുടേതാണ് എന്ന് അവരില്‍ ഒരു യുവാവ് ചോദിച്ചു. ഫുട്ബോളിലെ വലിയ താരങ്ങളെയോ അവരുടെ പേരുകളോ സെല്‍വിക്ക് അറിയില്ലായിരുന്നു. സ്പെല്ലിങ് ഓരോന്നായി പറഞ്ഞ ശേഷം സെല്‍വി തന്റെ നിഷ്കളങ്കമായ ശൈലിയില്‍ 'ലക്ഷ്മി അമ്മാള്‍' എന്ന് വായിച്ചു.
ഇത് വീഡിയോയി ഇൻസ്റ്റഗ്രാമി പോസ്റ്റ് ചെയ്യപ്പെടുകയും വൈറലാകുകയും ചെയ്തു. അതോടെ ഇവരുടെ കട പ്രശസ്തമായി, ജീവിതം അടിമുടി മാറി. ഇന്ന് സെല്‍വി ഇൻസ്റ്റഗ്രാമിലെ താരമാണ്. ലക്ഷമി അമ്മാള്‍ വൈറലായ ശേഷം ഡേവിഡ് ബെക്കാം- 'ബീ കോം', ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- 'നരോഡ', ലയണല്‍ മെസ്സി - 'അർജന്റ് ലെസ്സി'/ 'ആൻഡ്രോയിഡ് മെസ്സി', നെയ്മർ - 'നീ യാർ, 'കിലിയൻ എംബാപ്പെ - 'പാപ്പാ' എന്നിങ്ങനെ താരങ്ങളുടെ ജഴ്സികള്‍ പരിചയപ്പെടുത്തുന്ന സെല്‍വിയുടെ വീഡിയോകളും വൈറലായി.
ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ തന്റെ കടയിലെ തുണികളൊക്കെ തന്റെ ശൈലിയില്‍ സെല്‍വി പരിചയപ്പെടുത്തുകയും അവ പലതും വൈറലാകുകയും ചെയ്തു. 350 ഷർട്ട്സ് എന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. നാട്ടിലെ കുട്ടികളുടെ സഹായത്തോടെയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. യുവന്റസ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ സെല്‍വിയമ്മയുടെ ഈ 'ലക്ഷ്മി അമ്മാള്‍', 'നരോഡ' ഓഡിയോ ഉപയോഗിച്ച് റീല്‍സ് പങ്കുവച്ചിരുന്നു.
തേടിയെത്തിയ ഐഫോണ്‍
ലോകകപ്പില്‍ കഴിഞ്ഞ കളിയില്‍ ലാമിൻ യമാലിന്റെ സ്പെയിൻ ജയിച്ചതിന്റെ സന്തോഷത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ഒരു ആരാധകൻ തനിക്ക് ഐഫോണ്‍ 17 പ്രോ മാക്സ് അയച്ചുതന്നു എന്ന് സെല്‍വി വീഡിയോയിലൂടെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, പക്ഷേ വിശ്വസിപ്പേ പറ്റൂ എന്ന് പറഞ്ഞ് സെല്‍വി വീഡിയോയില്‍ ഐഫോണ്‍ പുറത്തെടുത്ത് കാണിക്കുന്നുണ്ട്. താൻ വേണ്ട എന്ന് പറഞ്ഞതാണെങ്കിലും ജയിച്ച സന്തോഷത്തില്‍ നല്‍കുന്നതാണ് എന്ന് പറഞ്ഞ് നിർബന്ധിച്ച് തന്നതാണെന്നും സെല്‍വി പറഞ്ഞു.
Post a Comment