KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും; ചെലവ് 1300 കോടി രൂപയെന്ന് മന്ത്രി C P John


തിരുവനന്തപുരം: KSRTC ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി C P John അറിയിച്ചു.
പദ്ധതിയുടെ ചെലവ് 712 കോടി മുതല്‍ 1,300 കോടി രൂപ വരെ പ്രതിവർഷം വരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ ജൂണ്‍ 10-നുള്ള മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് മന്ത്രി C P John പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകള്‍ക്കും, യാതൊരു തരംതിരിവുമില്ലാതെ, സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാക്കുമെന്നും, ട്രാൻസ്‌ജെൻഡർ വിഭാഗത്തെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഏത് അന്തിമ തീരുമാനമായാലും പദ്ധതിക്ക് ആവശ്യമായ തുക പൂർണ്ണമായി സബ്‌സിഡിയായി സർക്കാർ നേരിട്ട് KSRTCക്ക് നല്‍കുമെന്ന് മന്ത്രി C P John അറിയിച്ചു. ഇത്ര വലിയ തുക സ്ഥാപനത്തിന് സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്താൻ കഴിയില്ലെന്നും, നിലവില്‍ ശമ്പളവും പെൻഷനും നല്‍കുന്നതിനായി സർക്കാർ പ്രതിമാസം ഏകദേശം 125 കോടി രൂപ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്ക് വേണ്ട തുക അതിന് പുറമേ പ്രത്യേക ധനസഹായമായി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓർഡിനറി ബസുകളില്‍ മാത്രമാണോ ആദ്യഘട്ടത്തില്‍ സൗജന്യ യാത്ര നടപ്പാക്കുക എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കാൻ തയ്യാറായില്ല. ധനകാര്യ സെക്രട്ടറി, KSRTC എംഡി തുടങ്ങിയവർ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് പ്രവർത്തന മാതൃക തയ്യാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പായ ശേഷം യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും അധിക ബസുകളുടെ ആവശ്യം ഉണ്ടാകുമോ എന്നതും സർക്കാർ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹന മോഡിഫിക്കേഷൻ നിയമങ്ങളില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രത്യേക യോഗങ്ങള്‍ നടത്തിയിട്ടില്ലെന്നും, വിശദമായ ചർച്ചകള്‍ക്കുശേഷമേ തീരുമാനമുണ്ടാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post