തിരുവനന്തപുരം: റോഡിലെ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. ഇനിമുതല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും.ഇതിനൊപ്പം ഒരു ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും പങ്കെടുക്കണം. ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടുന്നവരുടെ വിവരങ്ങള്‍ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സാരഥി പോർട്ടലിലും പരസ്യപ്പെടുത്തും.
നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് കുറ്റക്കാർക്ക് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ നീളുന്ന പരിശീലന ക്ലാസുകള്‍ നല്‍കാനാണ് വകുപ്പിന്റെ തീരുമാനം. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കില്‍ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ പരിശീലനക്ലാസും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ പരിശീലനവുമാണ് ഉണ്ടാവുക. ആളപായം ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നഷ്ടമാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും. അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണം സംഭവിച്ചാല്‍ ഒരു വര്‍ഷത്തേക്കാകും ലൈസന്‍സ് സസ്പെൻഡ് ചെയ്യുക. ഒപ്പം 5 ദിവസത്തെ പരിശീലനവും ഉണ്ടാകും. പുതിയ നിർദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ ആർ.ടി.ഓമാർക്കും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നല്‍കും
Post a Comment